ജില്ലയിൽ അയ്യായിരത്തോളം മുതിർന്ന പൗരന്മാർക്ക് കോവിഡ് വാക്സിൻ നൽകി

കാഞ്ഞങ്ങാട്: ജില്ലയിൽ അയ്യായിരത്തോളം മുതിർന്ന പൗരന്മാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി. ആരോഗ്യ പ്രവർത്തകരുടെ രണ്ടാംഘട്ട കുത്തിവെപ്പും പോളിങ് ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കുത്തിവെപ്പും ഇതോടൊപ്പം നടക്കുന്നു. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് മുന്നറിയിപ്പ് നൽകി. വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ.ടി.മനോജ് ആവശ്യപ്പെട്ടു.

