തെരഞ്ഞെടുപ്പ്; വിദ്വേഷപ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം – കാന്തപുരം

തെരഞ്ഞെടുപ്പ്; വിദ്വേഷപ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം – കാന്തപുരം
കോഴിക്കോട് : സംസ്ഥാനം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളം ജാഗ്രത കാണിക്കണം എന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഈ ജനാധിപത്യ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. അതിനെ വിവേകത്തോടെ സമീപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റു പ്രസ്ഥാനങ്ങള്‍ക്കും കഴിയണമെന്നും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സംസ്ഥാനം രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെയും മാതൃകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുന്‍പെങ്ങുമില്ലാത്ത വിധം മനുഷ്യ മനസ്സുകളില്‍ വിദ്വേഷവും അകല്‍ച്ചയും സൃഷ്ടിക്കുന്ന പ്രചാരണങ്ങളാണ് പല ഭാഗത്തു നിന്നുമുണ്ടാവുന്നത്. ജയവും തോല്‍വിയും ജനാധിപത്യത്തില്‍ സാധാരണമാണ്. തെരഞ്ഞെടുപ്പില്‍ ഏതു കക്ഷി ജയിച്ചാലും നമ്മുടെ നാടിന്റെ മതേരതമനസും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പതിവും ഇവിടെ നിലനില്‍ക്കണം. ജാതിയും മതവും പറഞ്ഞു ധ്രുവീകരണം സൃഷ്ടിക്കരുത്. ചില ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന അനഭിലഷണീയമായ പ്രചാരണങ്ങളും പ്രസ്താവനകളും അങ്ങേയറ്റം ഖേദകരമാണ്. ജനാധിപത്യ തെരഞ്ഞെടുപ്പില്‍ സംവാദങ്ങളും ക്രിയാത്മകവിമര്ശനങ്ങളു ഉണ്ടാവാം. പക്ഷെ, അത് വര്‍ഗീയ ധ്രുവീകരണത്തിലേക്കും തീവ്രവാദ ചിന്തയിലേക്കും പോകരുത്. അഭിപ്രായ ഭിന്നതകള്‍ മാനിച്ചു കൊണ്ട് തന്നെ ജാതി മത പരിഗണനകള്‍പ്പുറം പരസ്പര സ്നേഹവും സഹകരണവും നമ്മുടെ നാടിന്റെ പൈതൃകമാണ്. അതുള്‍ക്കൊണ്ടു മുന്നേറാന്‍ എല്ലാവര്ക്കും കഴിയണം. കാന്തപുരം കൂട്ടിച്ചേര്‍ത്തു. കാരന്തൂര്‍ മര്‍കസില്‍ നടന്ന എസ് വൈ എസ് സ്റ്റേറ്റ് യൂത്ത് കൗണ്‍സിലില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കൗണ്‍സില്‍ സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചകള്‍ നടന്നു. 2021-23 സംഘടനാ വര്‍ഷത്തെ നയ,സമീപനരേഖകളുടെ കരട് കൗണ്‍സില്‍ അംഗീകരിച്ചു. പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും പ്രവര്‍ത്തക സമിതിയംഗങ്ങളെയും തെരെഞ്ഞെടുത്തു. പേരോട് അബ്ദുറഹ്മാന് സഖാഫി പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഭാരവാഹികളായി സയ്യിദ് ത്വാഹാ സഖാഫി(പ്രസിഡണ്ട്), ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് പറവൂര്‍ (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് മുഹമ്മദ് തുറാബ്, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര് (വൈസ് പ്രസിഡണ്ടുമാര്‍), അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സ്വാദിഖ് വെളിമുക്ക്, റഹ്മത്തുല്ല സഖാഫി എളമരം, എം.എം. ഇബ്റാഹീം, അബ്ദുല്‍ജബ്ബാര്‍ സഖാഫി പേഴക്കാപ്പിള്ളി, ആര്.പി ഹുസൈന്, ഇ.കെ മുഹമ്മദ്കോയ സഖാഫി, ബശീര്‍ പറവന്നൂര്‍, ബശീര്‍ പുളിക്കൂര്‍, സ്വിദ്ദീഖ് സഖാഫി നേമം (സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്, കെ.കെ അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, വി.എം കോയ മാസ്റ്റര്‍, കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി തുടങ്ങിയവര്‍ സംബന്ധിച്ചു.

