ബൈക്കിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ; പിന്നിലിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു

തൃക്കരിപ്പൂർ ∙ ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടംഗ സംഘത്തിലെ ഒരാളെ എക്സൈസ് സംഘം പിടികൂടി. ഒരു യുവാവ് ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിലാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നീലേശ്വരം റേഞ്ച് എക്സ്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിന്റെ നേതൃത്വത്തിലാണ് റോഡിൽ വളഞ്ഞത്. പിടിവീഴുമെന്നു ഉറപ്പായതോടെ ബൈക്കിനു പിന്നിലിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) സംഘത്തിന്റെ പിടിയിലായി. കഞ്ചാവ് അടങ്ങിയ ബാഗ് യുവാവിൽ നിന്നു പിടിച്ചെടുത്തു. അര കിലോയിൽ അധികം തൂക്കമുണ്ട്. ബൈക്കിൽ നിന്നു ഇറങ്ങിയോടിയ യുവാവിനെ പിന്തുടരാനുള്ള ശ്രമത്തിനിടെ റോഡിൽ വൻ ജനക്കൂട്ടമായി. ഇത് ഗതാഗതത്തെയും ബാധിച്ചു.
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ പരിസരം കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെ മയക്കു മരുന്ന് വിൽപന നടത്തുന്ന സംഘം ക്യാംപ് ചെയ്യുന്നതും വിദ്യാർഥികളെ ഉൾപ്പെടെ കഞ്ചാവ് വിൽപനയിൽ കണ്ണികളാക്കുന്നതും വ്യാപകമായ പരാതി ഉയർത്തുന്നതിനിടയിലാണ് കഞ്ചാവ് വേട്ട.

