KSDLIVENEWS

Real news for everyone

പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന; പി. നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റിയേക്കും

SHARE THIS ON

മലപ്പുറം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി തർക്കങ്ങളുണ്ടായ പൊന്നാനിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിപിഎം ശ്രമം. പി. നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റി കെ.ടി. ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുള്ള ആലോചനയാണ് നടക്കുന്നത്. പി. നന്ദകുമാറിനെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

മലപ്പുറം ജില്ലയിൽ പാർട്ടി ചിഹ്നത്തിൽ ലഭിച്ച ഒരേയൊരു സീറ്റാണ് പൊന്നാനി. അത് നഷ്ടപ്പെടുത്താൻ സിപിഎം തയ്യാറല്ല. പ്രാദേശികമായി വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ പി. നന്ദകുമാറിനെ മാറ്റുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടൊപ്പം എം.ബി. രാജേഷിനെ പൊന്നാനിയിൽ മത്സരിപ്പിക്കാമെന്ന ആലോചനയുണ്ടെന്ന സൂചനയുമുണ്ട്.

തവനൂരും പൊന്നാനിയും അടുത്തടുത്ത മണ്ഡലങ്ങളായതിനാൽ ഇരു മണ്ഡലങ്ങളിലും ജലീലിന് ജനപിന്തുണയുണ്ട്. ഈ സാഹചര്യത്തിൽ ജലീൽ പൊന്നാനിയിൽ മത്സരിച്ചാൽ വിജയിക്കും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. കെ.ടി. ജലീൽ കൂടി സമ്മതിച്ചാൽ ജലീൽ മത്സരിക്കുന്ന സാഹചര്യമുണ്ടാകും.

പി.നന്ദകുമാറിന് സ്ഥാനാർഥിത്വം നൽകണമെന്ന് സംസ്ഥാന സമിതി നിർദേശമുണ്ട്. ഈ നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിൽ നന്ദകുമാറിനെ തവനൂരിൽ മത്സരിപ്പിക്കാം എന്ന ആലോചനയും നടക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രഥമിക ആലോചനകളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!