റോ-റോ പരീക്ഷണ ഓട്ടത്തിനിടെ കാസർകോഡ് റെയിൽവെ സ്റ്റേഷന്റെ മേൽക്കൂര തകർന്നു, ജീവനക്കാരന് പരിക്കേറ്റു
കാസര്‍കോട്: റോ-റോ പരീക്ഷണ ഓട്ടത്തിനിടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. അപകടത്തില്‍ ജീവനക്കാരന് പരിക്കേറ്റു. പരീക്ഷണ ട്രെയിനില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ ട്രാക്ക് മെയിന്റെയ്നര്‍ എം. ഷിജുവിനാണ് പരിക്കേറ്റത്. ഷിജുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ലോറിയുടെ ഉയരത്തിലും വീതിയിലുമുള്ള ഇരുമ്പ് ചട്ടക്കൂട് തട്ടി റെയില്‍വെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിന്റെ മേല്‍ക്കൂരയുടെ ഷീറ്റാണ് തകര്‍ന്നത്. ഇത് വീണ് ഷിജുവിന് പരിക്കേല്‍ക്കുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ് ഫോമില്‍ മാത്രമാണ് പരീക്ഷണ ഓട്ടത്തിനിടെ തടസം നേരിട്ടത്. ഈ പ്രശ്നം രണ്ടുദിവസത്തിനകം പരിഹരിക്കുമെന്ന്് അധികൃതര്‍ പറഞ്ഞു. കൊങ്കണ്‍ റെയില്‍വെയില്‍ നിലവിലുള്ള ചരക്കുലോറികള്‍ ട്രെയിനില്‍ കടത്തുന്ന റോ-റോ സര്‍വീസ് കേരളത്തിലേക്ക് നീട്ടുന്നതിനുള്ള പരീക്ഷണ ഓട്ടമാണ് നടത്തിയത്. ബുധനാഴ്ച സൂറത്കല്ലില്‍ നിന്ന് ഷൊര്‍ണൂരിലേക്കും വ്യാഴാഴ്ച തിരിച്ചുമാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഷൊര്‍ണൂരിലേക്കുള്ള പാതയില്‍ തടസങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്ന് മംഗളൂരു സൂറത്കല്ലിലേക്കുള്ള പാതയില്‍ കളനാട് തുരങ്കത്തില്‍ മാത്രം ചെറിയ തടസമുണ്ടെന്ന് അധികൃതര്‍ വിലയിരുത്തി. കളനാട് തുരങ്കത്തില്‍ ഏതാനും ഇഞ്ചുകളുടെ ഉയരവ്യത്യാസമുണ്ട്. പാളം അല്‍പ്പം താഴ്ത്തിയാല്‍ ഈ കുറവ് പരിഹരിക്കാനാകും. ഇതിന് റെയില്‍വെ തീരുമാനമെടുക്കണം.