ജനാധിപത്യം അട്ടിമറിച്ച് അധികാരം കൈയടക്കാമെന്നുള്ള ബിജെപിയുടെ മോഹം നടക്കില്ല; മന്ത്രി ഇ ചന്ദ്രശേഖരൻ

കുമ്പള ഇതര സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച് അധികാരം കൈയടക്കാമെന്നുള്ള ബിജെപിയുടെ മോഹം നടക്കില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കുമ്പളയിൽ എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 സീറ്റ് ലഭിച്ചാൽ കേരളത്തിൽ അധികാരം കിട്ടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ അത് അനുവദിക്കില്ല. വർഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. ബിജെപി സർക്കാർ നടപ്പാക്കുന്നതും യുഡിഎഫ് നേരത്തെ നടപ്പാക്കിയതുമായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനപക്ഷ ബദൽ സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകാനുള്ള തീരുമാനത്തിലാണ് ജനങ്ങൾ. സർക്കാരിനെതിരെ എത്രമാത്രം കള്ളപ്രചാരണം നടത്തിയാലും ജനങ്ങൾ തള്ളികളയുമെന്ന് തെളിയിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി പറഞ്ഞു.

