ജില്ലയിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 30 ആയി, കൂടുതൽ പേരും മരിച്ചത് തൃക്കരിപ്പൂർ മംഗൽപാടി പഞ്ചായത്തുകളിൽ
കാസര്‍കോട്: ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. വെള്ളിയാഴ്ചത്തെ ആരോഗ്യവകുപ്പ് റിപോര്‍ട്ടിലാണിത്. തൃക്കരിപ്പൂര്‍, മംഗല്പാടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപോര്‍ട്ട് ചെയ്തത്. തൃക്കരിപ്പൂരില്‍ അഞ്ചും മംഗല്‍പാടിയില്‍ നാലും പേര് കോവിഡ് മൂലം മരണത്തിന് കീഴടങ്ങി.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ മൂന്ന് പേരും ചെമ്മനാട്, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ രണ്ട് പേര് വീതവും കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, നീലേശ്വരം മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, ചെങ്കള, കുമ്പള, മഞ്ചേശ്വരം, പടന്ന, പൈവളികെ, പനത്തടി, പുല്ലൂര്‍ പെരിയ, ഉദുമ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളില്‍ ഓരോ മരണങ്ങള് വീതവും ഇതുവരെ റിപോര്‍ട്ട് ചെയ്തു.
ഫെബ്രുവരി മൂന്നിന് തന്നെ ആദ്യ കോവിഡ് സ്ഥിരീകരിച്ചെങ്കിലും ജൂലൈ 19നായിരുന്നു കാസര്‍കോട്ട് ആദ്യ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉപ്പള ഹിദായത്ത് നഗറിലെ നഫീസ (74)യായിരുന്നു മരിച്ചത്. തുടര്‍ന്ന് ജൂലൈ മാസത്തില്‍ അഞ്ച് മരണങ്ങള് കൂടി റിപോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 17ന് മാത്രം അഞ്ച് പേരുടെ മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഏഴ് മാസം പ്രായമുള്ള കുട്ടിയും ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ പെടും.
സമ്പര്‍ക്കരോഗ വ്യാപനം രൂക്ഷമായ ഓഗസ്റ്റ് മാസത്തിലാണ് ബാക്കി മരണങ്ങള്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചവയാണ് ഇതില്‍ പലതും. അതേസമയം മരണശേഷം കോവിഡ് സ്ഥിരീകരിച്ച ചില മരണങ്ങള് ആരോഗ്യവകുപ്പിന്റെ കോവിഡ് കണക്കില്‍ പെടാത്തവയുമുണ്ട്. മറ്റു രോഗങ്ങള്‍ മൂലമാണ് മരിക്കുന്നതെങ്കില്‍ കോവിഡ് സ്ഥിരീകരിച്ചാലും കണക്കില്‍ പെടുത്തുന്നില്ല എന്നതാണ് ഇതിന് കാരണം. മാത്രമല്ല, സ്ഥിരീകരിച്ചാല്‍ തന്നെ ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് സര്‍ക്കാരിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നത് എന്നതിനാല്‍ ഇതിനകം മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കും.