KSDLIVENEWS

Real news for everyone

ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം ഒരമ്മ മകനെ സ്‌നേഹിക്കുന്ന പോലെ; വിങ്ങിപ്പാട്ടി ചെന്നിത്തല

SHARE THIS ON

ആലപ്പുഴ: ഹരിപ്പാട്ടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വികാരാതീതനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടുണ്ടെന്നും വിതുമ്പിക്കൊണ്ട് ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ജിവൻമരണ പോരാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

‘ജീവിതത്തിൽ ഏതു സ്ഥാനം കിട്ടുന്നതിനെക്കാൾ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്നേഹം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങൾ തന്നെ ഹൃദയത്തോട് ചേർത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനെക്കാൾ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങൾ എന്നും തനിക്ക് നൽകി.

നാല് തവണ ഇവിടെനിന്നും എംഎൽഎ ആകാനുള്ള അവസരം ജനങ്ങൾ നൽകി. അഞ്ചാമത്തെ തവണയാണ് ജനവിധി തേടുന്നത്. നിയമസഭയിൽ മത്സരിക്കുമെങ്കിൽ അത് ഹരിപ്പാട് മാത്രമായിരിക്കും എന്നുള്ള നിശ്ചയദാർഢ്യമാണ് തന്നെ നയിച്ചത്. ഒരുഘട്ടത്തിൽ നേമത്ത് മത്സരിക്കണമെന്ന് അഭിപ്രായം വന്നപ്പോൾ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാൽ മതിയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ നാടും ജനങ്ങളും എന്നും പ്രിയപ്പെട്ടതാണ്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഒരമ്മ മകനെ എങ്ങനെ സ്നേഹിക്കുന്നു എന്നത് പോലെ തന്നെയാണ് ഈ നാട് എന്നെ സ്നേഹിച്ചത്.

1982ൽ തന്റെ 26-ാം വയസിലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇത്തവണ അഞ്ചാം തവണ ഹരിപ്പാട് മത്സരിക്കാനെത്തിയപ്പോഴും 1982 വന്ന അതേ വികാരവായ്പ്പോടെ സ്വീകരിക്കുന്ന ജനങ്ങളെയാണ് കണ്ടത്. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഒരുമിച്ചു നിൽക്കണം’ ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!