ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് മാതാവ് മരിച്ചു: അപകടം കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ, കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടു

വർക്കല:ഇടവയിൽ മൂന്നുനില ഫ്ളാറ്റിന്റെ ടെറസിൽ നിന്നും കുഞ്ഞിനൊപ്പം താഴേക്കു വീണ അമ്മ മരിച്ചു. ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടവ ഐ.ഒ.ബി. ക്ക് സമീപം നൂർജലാൽ റസിഡൻസി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ഇടവ സ്വദേശികളായ മുക്താറിന്റെയും സീനത്തിന്റെയും മകൾ നിമ(26)യാണ് മരിച്ചത്. നിമയുടെ ഏകമകൾ നിഫയാണ് ചെറിയ പരിക്കോടെ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 11-മണിയോടെയായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ മുകളിൽ നിന്നാണ് അമ്മയും കുഞ്ഞും താഴെവീണത്. കളിപ്പിക്കുന്നതിനിടെ ആദ്യം കുഞ്ഞും രക്ഷിക്കാൻ ശ്രമിക്കവേ അമ്മയും താഴേക്ക് വീഴുകയായിരുന്നെന്ന് സംശയിക്കുന്നു.
ശബ്ദംകേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടിയെത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടനെ വർക്കല പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിന് ചെറിയ പരിക്കുകൾ മാത്രമാണുള്ളത്.
ഫ്ളാറ്റിന് സമീപത്തെ ടയർ കടയിലെ തെർമോകോളും മറ്റും കൂട്ടിയിട്ടിരുന്നതിന് മുകളിലേക്കാണ് കുഞ്ഞ് വീണത്. നിമയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിമയുടെ മാതാവ് സീനത്തും സഹോദരി സുൽത്താനയും സംഭവസമയം ഫ്ളാറ്റിലുണ്ടായിരുന്നു. നിമയുടെ ഭർത്താവ് അബു ഫസൽ ദുബായിലാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

