മോഷ്ടിച്ച സ്കൂട്ടറുമായി തെക്കിൽ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഹൊസ് ദുർഗ്ഗ് മാരിയമ്മൻ ക്ഷേത്രം ജീവനക്കാരന്റെ സ്കൂട്ടർ മോഷ്ടിച്ച് കടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ . ചട്ടഞ്ചാൽ തെക്കിൽ , മാങ്ങാടൻ ഹൗസിൽ എം മുഹമ്മദ് നവാസി ( 22 ) നെയാണ് അറസ്റ്റ് ചെയ്തത് . ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വെള്ളൂരിലെ ദീപക്കിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് ഇയാൾ പിടിയിലായത് . ഏതാനും ദിവസം മുമ്പാണ് കുശാൽ നഗറിലെ സനോജിന്റെ സ്കൂട്ടർ ക്ഷേത്ര പരിസരത്ത് നിന്ന് മോഷണം പോയത് . ഇതു സംബന്ധിച്ച് പൊലീസ് കേസെടുക്കുകയുമായിരുന്നു . കഴിഞ്ഞ ദിവസം ഈ സ്കൂട്ടർ പയ്യന്നൂർ , എടാട്ട് കണ്ടാണ് ദീപകിന് സംശയം തോന്നിയത് . തുടർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു . പയ്യന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ ടി ബിജിത്തിന്റെ സഹായത്തോടെ സ്കൂട്ടറും പ്രതിയെയും പയ്യന്നൂർ സ്റ്റേഷനിൽ എത്തിച്ചു . വിവരമറിഞ്ഞ് എത്തിയ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ പി കെ മണിയുടെ നേതൃത്വത്തിൽ എസ് ഐ വിജേഷും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു . നവാസിനെതിരെ കാസർകോട് , ചന്തേര ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുള്ളതായി പൊലീസ് പറഞ്ഞു .

