KSDLIVENEWS

Real news for everyone

സൗജന്യ ഭക്ഷ്യക്കിറ്റും പെന്‍ഷനും ഗുണം ചെയ്യുമെന്ന് മാതൃഭൂമി – സീവോട്ടര്‍ അഭിപ്രായ സര്‍വേഫലം

SHARE THIS ON

അഭിപ്രായ സര്‍വേഫലം

തിരുവനന്തപുരം: സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഗുണം ചെയ്തെന്ന് മാതൃഭൂമി-സീവോട്ടർ സർവേ ഫലം. കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് മുന്നണി ഭരണം നേടും കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സർവേ ഫലത്തിലാണ് കേരളസർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റും പെൻഷനും ഗുണം ചെയ്തതായി വ്യക്തമാക്കുന്നത്.

കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു.

സർക്കാർ വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേർ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാൻ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേർ.

51 ദിവസം കൊണ്ട് പൂർത്തായാക്കിയ സർവേയിൽ എന്താണ് ഈ തിരഞ്ഞെടുപ്പിൽ ഒരു വോട്ടറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയം എന്നതായിരുന്നു ആദ്യ ചോദ്യം. വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സർവേയിൽ 41.8 ശതമാനം വോട്ടർമാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 10.4 ശതമാനം പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്നങ്ങളും സ്വാധീനിച്ചു.

വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളിൽ മുന്നിലെത്തിയത് സ്വർണക്കടത്താണ്. 25.2ശതമാനം പേർ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വർണക്കടത്താണെന്ന് രേഖപ്പെടുത്തി. ശബരിമല വിവാദം – 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം എന്നിങ്ങനെയാണ് മറ്റുവിവാദങ്ങളോടുളള വോട്ടർമാരുടെ പ്രതികരണം.

140 മണ്ഡലങ്ങളിൽ നിന്ന് 14,913 പേർ അഭിപ്രായ സർവേയിൽ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സർവേയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!