നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ കേന്ദ്രസേനയടക്കം 2256 പൊലീസുകാർ;

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങൾക്കുമായി ജില്ലയിൽ 2256 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും.
10 ഡിവൈ.എസ്.പി.മാർ, 23 പോലീസ് ഇൻസ്പെക്ടർമാർ, എസ്.ഐ., എ.എസ്.ഐ. റാങ്കിലുള്ള 241 ഉദ്യോഗസ്ഥർ, 1982 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരാകും സുരക്ഷാച്ചുമതലയുള്ളവർ. പോളിങ് ബൂത്തുകളിലെ സേവനങ്ങൾക്കായി 975 സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കും. സൈന്യത്തിൽനിന്നും പോലീസിൽനിന്നും വിരമിച്ചവർ, 18 വയസ്സ് പൂർത്തിയായ സ്പെഷ്യൽ പോലീസ് കാഡറ്റുമാർ, എൻ.സി.സി. കാഡറ്റുകൾ എന്നിവരെയാണ് പോളിങ് ബൂത്തുകളിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിക്കുന്നത്.
എക്സൈസ്, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, മോട്ടോർവാഹനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പോലീസിനൊപ്പം ചുമതലകളിലുണ്ടാകും.

