KSDLIVENEWS

Real news for everyone

കോൺഗ്രസിൽ ജനാധിപത്യമില്ല , കേരളത്തിൽ പ്രസക്തി എൽഡിഎഫിന് : പി.സി.ചാക്കോ

SHARE THIS ON

കോട്ടയം: കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് പാർട്ടി വിട്ട് എൻസിപിയിൽ ചേർന്ന മുതിർന്ന നേതാവ് പി.സി.ചാക്കോ. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ലാതെ വരുന്നു. കമ്മിറ്റികളിൽ ചർച്ചകൾ ഇല്ലാതെ വരുന്നു. വർക്കിങ് കമ്മറ്റി ഇല്ലാതെ വരുന്നു. അവിടെയാണ് ഞങ്ങളുടെ ദുഃഖം. എനിക്കെന്തെങ്കിലും സ്ഥാനം കിട്ടിയില്ല, എന്നെ ആരെങ്കിലും അവഗണിച്ചു എന്നുപറഞ്ഞ് ഞാൻ കരഞ്ഞിട്ടില്ല,” പി.സി.ചാക്കോ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കിയെന്നും ഗ്രൂപ്പ് നേതാക്കൾക്ക് വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാർഥികളായതെന്നും അദ്ദേഹം വിമർശിച്ചു.

“തിരഞ്ഞെടുപ്പ് കമ്മിറ്റി രണ്ട് തവണയേ കൂടിയിട്ടുള്ളൂ. അതിൽ, ഒരു പാനലുണ്ടാക്കി കമ്മിറ്റിയിൽ വയ്ക്കണം. ഏതൊക്കെ സ്ഥാനാർഥികൾക്ക് വിജയസാധ്യത ഉണ്ടെന്ന് ചർച്ച ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ സിൽബന്ധികളുടെ പട്ടികയുണ്ടാക്കി. ഞാൻ രാഹുൽ ഗാന്ധിയോട് ഇത് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ, ഇത് ചർച്ച ചെയ്യാൻ അദ്ദേഹവും സമയം കണ്ടെത്തിയില്ല,” പി.സി.ചാക്കോ കൂട്ടിച്ചേർത്തു.

“പാർട്ടി വിട്ടതിൽ ഖേദമില്ല. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കി. ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാർഥികളായത്. ഇന്ത്യൽ ഏറ്റവും വലിയ ഭീഷണി ബിജെപിയാണ്. അവരെ നേരിടാൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കൈകോർക്കണം. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നില്ലെന്ന ദുഃഖമാണ് ഞങ്ങളെ നയിച്ചിരുന്നത്,” പി.സി.ചാക്കോ പറഞ്ഞു.

കേരളത്തിൽ എൽഡിഎഫിനാണ് പ്രസക്തിയെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുതെന്നാണ് തന്നെപ്പോലുള്ളവർ വിചാരിക്കുന്നതെന്നും പറഞ്ഞ പി.സി.ചാക്കോ എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള നിയോഗമാണ് തനിക്കുള്ളതെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!