കാട്ടിലും സ്വൈര്യമില്ല; കാട് കാണാനെത്തിയവരുടെ ബൈക്കിനിടയിൽ കുടുങ്ങി പുള്ളിപ്പുലി

കാട് വന്യജീവികളുടെ ഇടമാണ്. എന്നാൽ കാടുകാണാൻ വരുന്ന പല സഞ്ചാരികളും വന്യജീവികളുടെ സ്വൈര്യ വിഹാരത്തെ ബഹുമാനിക്കുന്നവരോ അച്ചടക്കം പാലിക്കുന്നവരോ ആകണമെന്നില്ല. അലസമായ ചില കാനന യാത്രകൾ വന്യജീവികൾക്കും സഞ്ചാരികൾക്കും വരുത്തിവെക്കാൻ ഇടയാക്കുന്ന അപകടങ്ങളെ കുറിച്ച് ഫെയ്സബുക്കിൽ കുറിച്ചിരിക്കുകയാണ് സഞ്ചാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീധർ ശിവറാം. അപകട സമയത്തെ സീക്വൻസായുള്ള ഫോട്ടോകളടക്കം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങൾ വലിയ ശ്രദ്ധ ഇതിനോടകം നേടി.
രാജസ്ഥാൻ രൺതമ്പോറിൽ വെച്ചാണ് കാട്ടിലൂടെ ബൈക്കോടിച്ച് പോയവർക്കിടയിലേക്ക് പുള്ളിപ്പുലി കടന്നു പോയപ്പോഴുണ്ടായ അപകടം ശ്രീധർ ശിവറാം കാമറയിൽ പകർത്തിയത്. വേഗതയിൽ ഓടിച്ചു പോവുന്ന ബൈക്കിലേക്ക് റോഡ്മുറിച്ചു കടന്നു വരുന്ന പുള്ളിപ്പുലി ഇടിക്കുന്നതും വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് ബൈക്ക് യാത്രികരും പുലിയും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് സീക്വൻസായി അദ്ദേഹം പകർത്തിയത്.
ചെറിയ പരിക്കുകളോടെ ബൈക്കോടിച്ചവരും പുള്ളിപ്പുലിയും രക്ഷപ്പെട്ടെങ്കിലും വനപാതകളിലെ സഞ്ചാരികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ശ്രീധർ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.
ഹോളി ദിനമായതിനാൽ കാട്ടുപാതയിൽ നിറയെ വാഹനങ്ങളും ആളുകളുമായിരുന്നുവെന്നും വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സഞ്ചാരികളുടെ ഇടപെടലുകൾക്ക് അറുതി വരുത്തണമെന്നുമാണ് ഇദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.