KSDLIVENEWS

Real news for everyone

സി.ബി.ഐ അന്വേഷണം: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു

SHARE THIS ON

മുംബൈ: അഴിമതി ആരോപണത്തിൽ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു. രാജിക്കത്ത് ദേശ്മുഖ്, മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കൈമാറി.

മുംബൈ മുൻ പോലീസ് കമ്മിഷണർ പരംബീർ സിങ് ഉന്നയിച്ച ആരോപണത്തിൽ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീർ സിങ്ങിന്റെ ആരോപണങ്ങളിൽ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാൻ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഡോ. ജയ്ശ്രീ പാട്ടീൽ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമർപ്പിച്ചത്. അതേസമയം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതിനോട് പ്രതികരിക്കാനില്ലെന്ന് പരംബീർ സിങ് പറഞ്ഞു.

സി.ബി.ഐ. അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് തോന്നുന്നതിനാലാണ് രാജിയെന്ന് ദേശ്മുഖ് രാജിക്കത്തിൽ വ്യക്തമാക്കി. ധാർമിക ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിയെന്ന് ദേശ്മുഖ് പറഞ്ഞു. മുൻപ് രാജി ആവശ്യം ഉയർന്നപ്പോൾ അക്കാര്യം നിരസിക്കുകയും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ദേശ്മുഖിന്റെ പ്രതികരണം.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപത്തുനിന്ന് ജലാറ്റിൻ സ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തിൽ വിവാദ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ എൻ.ഐ.എയുടെ പിടിയിലായ സംഭവവികാസമാണ് മുംബൈ പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്നുള്ള പരംബിർ സിങ്ങിന്റെ ചലനത്തിന് ഇടയാക്കിയത്. ഇതിനു പിന്നാലെ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരംബീർ സിങ് ഉദ്ധവിന് കത്തയക്കുകയായിരുന്നു.

സച്ചിൻ വാസെയോട് എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നൽകണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീർ സിങ്ങിന്റെ ആരോപണം. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് വിഭാഗം തലവനായ സച്ചിൻ വാസെയെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് തന്റെ ഔദ്യോഗിക വസതിയായ ദ്യാനേശ്വറിലേക്ക് കഴിഞ്ഞ കുറച്ചുമാസങ്ങളിൽ പല തവണ വിളിച്ചുവരുത്തുകയും ആഭ്യന്തര മന്ത്രിക്കു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടർച്ചയായി നിർദേശം നൽകുകയും ചെയ്തുവെന്നും സിങ് ഉദ്ധവിനയച്ച കത്തിൽ പറഞ്ഞിരുന്നു.

പണം തട്ടിയെടുക്കൽ, അനധികൃത സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ദേശ്മുഖിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് പരാതി നൽകിയതിനാൽ താൻ വേട്ടയാടപ്പെടുകയാണെന്നും പരംബീർ സിങ് ആരോപിച്ചിരുന്നു. നേരത്തെ പരംബീർ സിങ്ങിന്റെ പരാതി പരിഗണിക്കവേ എന്തുകൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹത്തോട് ബോംബെ ഹൈക്കോടതി ആരാഞ്ഞിരുന്നു.

Tag :-

#Maharashtra, #ആഭ്യന്തര മന്ത്രി, #അനില്‍ ദേശ്മുഖ്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!