20 മാസമായി ശമ്പളം ലഭിക്കാത്ത ഭെൽ, ഇ.എം.എൽ തൊഴിലാളികൾ കമ്പനി എംഡിയെ തടഞ്ഞ് വെച്ച് പ്രതിഷേധിച്ചു
കാസർകോട് : 20 മാസമായി ശമ്പളം ലഭിക്കാത്ത ഭെൽ ഇ.എം.എൽ തൊഴിലാളികൾ കമ്പനി എംഡിയെ തടഞ്ഞ് വെച്ച് പ്രതിഷേധിച്ചു. ആറ് മാസങ്ങൾക്ക് ശേഷം കമ്പനിയിലെത്തിയ എം.ഡി.ക്ക് മുൻപിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. മാസങ്ങൾക്ക് മുൻപേ അടച്ചിട്ട കമ്പനി
നിത്യനിദാന ചെലവ് കൾക്ക് പോലും പണമില്ലാത്തതിനാൽ തുറക്കാൻ കഴിയില്ല എന്നാണ് മാനേജ്മെൻ്റ് നിലപാട്. ശമ്പളം നൽകുന്ന കാര്യത്തിലും മാനേജ്മെൻ്റ് ഒളിച്ച് കളി നടത്തുകയാണ്.
കമ്പനി അടിയന്തിരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്. ടി. യു-ഐ.എൻ.ടി.യു സി യൂണിയനുകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരുമായും ഭെൽ അധികൃതരുമായും ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കൈകൊള്ളുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
കെ.പി.മുഹമ്മദ് അഷ്റഫ് ,ബി.എസ്.അബ്ദുല്ല, വി.പവിത്രൻ, എം.ഗോപിനാഥൻ നായർ , യു.മുഹമ്മദ് ബഷീർ, മുഹമ്മദ് ഇഖ്ബാൽ, സി.ബിജു, ബി.എ.മുഹമ്മദ്, ബി.എ.ഹമീദ് നേതൃത്വം നൽകി.