KSDLIVENEWS

Real news for everyone

താരങ്ങളിൾ കൂടുതൽ പേർക്ക് കോവിഡ്; ഐപിഎൽ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല

SHARE THIS ON

മുംബൈ: ഐപിഎൽ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല. കൂടുതൽ താരങ്ങളിലേക്ക് കോവിഡ് പടർന്നതോടെ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി സൺറൈസേഴ്സ് ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി ക്യാപിറ്റൽസ് ബൗളർ അമിത് മിശ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാൻ സാഹ പോസിറ്റീവ് ആയത്.

ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിയ്ക്കും സന്ദീപ് വാര്യർക്കും ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരവും ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്സ്- രാജസ്ഥാൻ റോയൽസ് മത്സരവും മാറ്റിവെച്ചിരുന്നു.

ഇതിനിടയിൽ ആദം സാംപയടക്കമുള്ള ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ സ്പിൻ ബൗളർ അശ്വിൻ ടൂർണമെന്റിൽ നിന്ന് പിന്മാറി. ഐപിഎൽ താരങ്ങളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ഐപിഎല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐയും ഫ്രാഞ്ചൈസികളും. മുംബൈയിലേക്ക് മാത്രം മത്സരങ്ങൾ മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിച്ചിരുന്നു. പക്ഷേ കൂടുതൽ താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബിസിസിഐ ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!