വെഞ്ഞാറമൂട്ടിൽ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോ. സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശഹിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ മാരാകായുധങ്ങളുമായെത്തിയ സംഘം വെഞ്ഞാറമൂട് ബ്ലോക്കില്‍ തേമ്പാമൂട് വെച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഹക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന് സി പി എം ആരോപിച്ചു.