ബംഗാളിലും താമരയുടെ കുഴലൊടിഞ്ഞു; തൃണമൂലിലേക്ക് തിരികെയെത്താന്‍ നിരുപാധികം മമതയുടെ കാലില്‍ വീണ് നിരവധി നേതാക്കള്‍

കൊല്‍ക്കത്ത: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ വലിയ ഒഴുക്കായിരുന്നു ബംഗാളില്‍. ഇത്തവണ ബംഗാള്‍ ബിജെപി പിടിക്കും എന്നൊരു പ്രതീതി അതോടെ സൃഷ്‌ടിക്കപ്പെട്ടു. വലിയ കൊഴുപ്പേറിയ പ്രചരണം വന്ന നേതാക്കളില്‍ പലര്‍ക്കും നടന്നതോടെ അത് ശരിയാകുമെന്ന് പലരും കരുതി.
എന്നാല്‍ ജനവിധി മറ്റൊന്നായിരുന്നു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ രണ്ട് സീറ്റ് അധികം നല്‍കി 213 സീറ്റുകളില്‍ തൃണമൂലിനെ ജനം വിജയിപ്പിച്ചു. 3 സീറ്റുകള്‍ നേടിയ 2016ലേതിനെക്കാള്‍ ഏറെ മുന്നേറി 77 സീറ്റുകള്‍ നേടിയെങ്കിലും ഭരണം നേടാനാവശ്യമായതിന്റെ പകുതി മാത്രമേ ബിജെപിയ്‌ക്ക് നേടാനായുളളൂ.
ഇത് മറുകണ്ടം ചാടിയ പുതിയ ബിജെപി നേതാക്കളില്‍ പലര്‍ക്കും തിരികെ തൃണമൂലിലേക്ക് പോകുന്നതാണ് നല്ലതെന്ന ഉള്‍വിളിയുണ്ടാക്കി.
മമതാ ബാനര്‍ജിയോട് ക്ഷമ ചോദിക്കാനും നിരുപാധികം പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മമതയെയും മുഖ്യമന്ത്രിയുടെ വിശ്വസ്‌തരെയും വന്നുകാണുകയാണ് ഈ നേതാക്കള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ പേര് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയിയാണ്. 2017ല്‍ മമതയുമായി പിണങ്ങി ബിജെപിയില്‍ ചേര്‍ന്ന റോയി മമതയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചും മുന്നിലുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നതോടെ പാര്‍ട്ടിയില്‍ നിന്നും അകലുന്നതായി സൂചനകള്‍ പുറത്തുവന്നു. ഇതിനുമുന്‍പ് മേയ് ഏഴിന് ചേര്‍ന്ന യോഗത്തിലും മുകുള്‍ റോയി പങ്കെടുത്തില്ല. അതിനിടെ കൊവിഡ് ബാധിതയായ മുകുള്‍ റോയിയുടെ പത്നിയുടെ സുഖവിവരമറിയാന്‍ മമതാ ബാനര്‍ജിയുടെ മരുമകനായ അഭിഷേക് ബാനര്‍ജി മുകുളിനെ സന്ദര്‍ശിക്കുകയും ചെയ്‌തു. ഇതോടെ ഈ ഊഹത്തിന് ശക്തിയേറി.
മമതയെ നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയും യോഗത്തിനെത്തിയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് ജെ.പി നഡ്‌ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രിയെയും കാണാന്‍ പോയതാണെന്നായിരുന്നു പാര്‍ട്ടി വിശദീകരണം.
പ്രധാനമന്ത്രിയും അമിത്‌ഷായും മുന്നിട്ടിറങ്ങി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല്‍’ ഇപ്പോള്‍ തിരിച്ചടിക്കുന്നതായും ‘റിവേഴ്‌സ് ഓപ്പറേഷന്‍ കമല്‍’ നടക്കുന്നതിനുളള സാഹചര്യം ഒരുങ്ങിയിരിക്കുന്നതായാണ് തൃണമൂല്‍ സംസാരം.

