ഉടവാളുപയോഗിച്ച് എലിസബത്ത് രാജ്ഞിയുടെ കേക്ക് മുറി; പ്രോത്സാഹിപ്പിച്ച് ജി-7 രാഷ്ട്രനേതാക്കള്‍

കോൺവാളിൽ ഒരു സ്പെഷ്യൽ ഒത്തു ചേരൽ നടന്നു. എലിസബത്ത് രാജ്ഞിയാണ് പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിച്ചേർന്നത്. രാജ്ഞിയുടെ സ്ഥാനലബ്ദിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളെ കുറിച്ച് പദ്ധതി തയ്യാറാക്കലും രാജ്ഞിയുടെ പിറന്നാൾ ആഘോഷവുമായിരുന്നു ഒത്തു ചേരൽ സംഘടിപ്പിച്ചതിന് പിന്നിൽ. രാജ്ഞിക്ക് മുറിക്കാൻ ഒരു വലിയ കേക്കും സംഘാടകർ ഒരുക്കിയിരുന്നു. രാജ്ഞിയുടെ കേക്കു മുറിക്കലായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്. ഈഡൻ പ്രോജക്ടിൽ നടന്ന പരിപാടിക്കായി കേംബ്രിജ് പ്രഭ്വി കേറ്റ് മിഡിൽട്ടൺ, കോൺവാൾ പ്രഭ്വി കാമില എന്നിവർക്കൊപ്പമാണ് എലിസബത്ത് രാജ്ഞി എത്തിയത്. തനിക്കായി ഒരുക്കിയ കേക്ക് മുറിക്കാൻ രാജ്ഞി കത്തിയ്ക്ക് പകരം ഉടവാൾ ഉപയോഗിച്ചതാണ് എല്ലാവരിലും കൗതുകവും ആഹ്ലാദവും ഉണർത്തിയത്. കത്തി ഉണ്ടെന്ന് ആരോ അറിയിച്ചപ്പോൾ ‘അതുണ്ടെന്ന് എനിക്കറിയാം’ എന്നായി രാജ്ഞിയുടെ പ്രതികരണം. രാജ്ഞിയുടെ നേരം പോക്ക് എല്ലാവരിലും ചിരിയുണർത്തി. മൂന്നടി നീളമുള്ള വാൾ കൈയിലൊതുക്കാൻ രാജ്ഞി പ്രയാസപ്പെടുന്നത് കണ്ട് ‘ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല’ എന്ന് കാമില തമാശരൂപേണ പറഞ്ഞു. പിന്നീട് പ്രഭ്വി തന്നെ രാജ്ഞിയെ വാൾ ഉപയോഗിച്ച് കേക്ക് മുറിക്കേണ്ട നിർദേശങ്ങൾ നൽകി. തുടർന്ന് രാജ്ഞി കേക്ക് മുറിച്ചു. ഇതെല്ലാം ആസ്വദിച്ച് കേറ്റ് മിഡിൽട്ടൺ ഒരു വശത്ത് നിൽപ്പുണ്ടായിരുന്നു. പ്രത്യേക ഔദ്യോഗികചടങ്ങുകളിൽ മാത്രമാണ് രാജ്ഞി ഉടവാൾ കയ്യിലേന്തുന്നത്. കേക്ക് മുറിക്കലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ധാരാളം രസകരമായ പ്രതികരണങ്ങൾ ഉണ്ടായി. അവിടെയും തീർന്നില്ല രാജ്ഞിയുടെ നർമബോധം. ഉച്ചകോടിക്കെത്തിയ വിവിധ രാഷ്ടത്തലവൻമാർക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അവരോടുള്ള ചോദ്യം മറ്റൊരു തമാശയായി. ‘സന്തുഷ്ടനാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ നിങ്ങൾ പെരുമാറണമെന്ന് എവിടെയെങ്കിലും നിഷ്ടകർഷിച്ചിട്ടുണ്ടോ’യെന്ന രാജ്ഞിയുടെ ചോദ്യം വീണ്ടും ചിരി പടർത്തി. ഏപ്രിൽ 21 ന് രാജ്ഞിക്ക് 96 വയസ് പൂർത്തിയായി. എന്നാൽ ഔദ്യോഗികമായി ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാളാഘോഷം നടത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇക്കൊല്ലം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് ഒഴിവാക്കിയിരുന്നു.