കോവാക്സീൻ രണ്ടാം ഡോസ് എടുക്കാൻ ലോക്ഡൗണിൽ ജനനിബിഡമായി; നിയന്ത്രിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ

ചെറുവത്തൂർ∙ കോ വാക്സീൻ രണ്ടാമത്തെ ഡോസ് എടുക്കാനെത്തിയത് നൂറുകണക്കിനാളുകൾ. ലോക്ഡൗൺ ദിനത്തിൽ ചെറുവത്തൂർ കൊവ്വൽ ജനനിബിഡമായി. നിയന്ത്രിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ. ആഴ്ചയിൽ മിനി ലോക്ഡൗൺ നിലനിൽക്കുന്ന വേളയിലാണ് കോ വാക്സീന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ വാക്സീൻ കേന്ദ്രമായ ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിലേക്ക് നൂറുകണക്കിനാളുകൾ എത്തിയത്. കോവാക്സീന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ചവർക്ക് നാളിതുവരെയായും രണ്ടാമത്തെ ഡോസ് ലഭിച്ചിരുന്നില്ല. ബല്ലാ ഹയർസെക്കൻഡറി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്. കോവി ഷീൽഡായിരുന്നു വാക്സീൻ കേന്ദ്രങ്ങളിൽ നിന്ന് നൽകിയിരുന്നത്. കോ വാക്സീൻ ഇന്നലെ എത്തിയതോടെ കാഞ്ഞങ്ങാട്ടും ചെറുവത്തൂരിലുമുള്ള വാക്സീൻ കേന്ദ്രങ്ങളിൽ നിന്നാണ് കോവാക്സീന്റെ രണ്ടാമത്തെ ഡോസ് നൽകിയത്. വിവരമറിഞ്ഞ് ചെറുവത്തൂർ പഞ്ചായത്തിന് പുറമേയുള്ള നീലേശ്വരം നഗരസഭ പ്രദേശത്ത് നിന്നും മറ്റ് പഞ്ചായത്തുകളിൽ നിന്നും ചെറുവത്തൂർ കൊവ്വലിലെ വാക്സീൻ കേന്ദ്രത്തിലേക്ക് അതിരാവിലെ തന്നെ ജനം ഒഴുകി. ഇതോടെ ആരോഗ്യ പ്രവർത്തകർ ആശങ്കയിലായി. വാക്സിൻ സ്വീകരിക്കാനെത്തിയവരെ നിയന്ത്രിക്കാൻ വൊളന്റിയർമാരായി പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകർക്ക് ഏറെ പാടുപെടേണ്ടി വന്നു. 500 പേർക്ക് നൽകുന്നതിനുള്ള വാക്സീൻ മാത്രമാണ് ചെറുവത്തൂരിലേക്ക് എത്തിയത്. അത് കൊണ്ട് തന്നെ രാവിലെ മുതൽ ക്യുവിൽ നിന്നവർക്ക് പോലും വാക്സീൻ ലഭിച്ചില്ല. അതിനിടെ വാക്സീൻ കേന്ദ്രത്തിലേക്ക് നൂറുകണക്കിനാളുകൾ എത്തിയത് കൃത്യമായ രീതിയിലുള്ള വിവരങ്ങൾ നൽകാത്തത് മൂലമാണെന്ന ആക്ഷേപവും ഉയർന്നു. 500 പേർക്ക് നൽകാവുന്ന വാക്സീൻ സ്വീകരിക്കാൻ അതിലധികം ആളുകളെത്തിയത് വാക്സീൻ വിതരണത്തിന്റെ നടപടിക്രമങ്ങൾ വ്യക്തമാകാത്തത് കൊണ്ടാണെന്നാണ് വിവരം.