രാജ്യ തലസ്ഥാത്ത് വൻ മയക്ക്മരുന്ന് വേട്ട; ദുബായ് വഴി ഡല്‍ഹിയില്‍, ബാഗില്‍ 126 കോടി രൂപയുടെ മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ പിടിയില്‍

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 126 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് ദക്ഷിണാഫ്രിക്കൻ സ്വദേശികൾ അറസ്റ്റിൽ. ഇവരിൽനിന്ന് 18 കിലോ ഹെറോയിൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇരുവരും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. ഞായറാഴ്ചയാണ് രണ്ട് പ്രതികളും ജൊഹാനാസ്ബെർഗിൽനിന്ന് ദുബായ് വഴി ഡൽഹിയിലെത്തിയത്. ഗ്രീൻചാനൽ വഴി വിമാനത്താവളത്തിന് പുറത്തുകടക്കുന്നതിനിടെയാണ് ഇരുവരെയും കസ്റ്റംസ് ഉദ്യോഗസ്ഥർ വളഞ്ഞത്. തുടർന്ന് ഒരാളുടെ ബാഗിൽനിന്ന് 10 കിലോ ഹെറോയിനും രണ്ടാമത്തെ യാത്രക്കാരനിൽനിന്ന് എട്ട് കിലോ ഹെറോയിനും പിടിച്ചെടുക്കുകയായിരുന്നു. ഇരുവരും ട്രോളി ബാഗിനുള്ളിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ തന്നെ പ്രതികളിൽനിന്ന് കണ്ടെടുത്തത് ഹെറോയിൻ ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് രണ്ടുപേരെയും കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി വന്നതാണെന്നാണ് ഇവരുടെ രേഖകളിലുള്ളത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് വിതരണശൃംഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.