സ്വർണകള്ളകടത്ത്: സജേഷ്, അർജുന്റെ ബിനാമിയെന്ന് കസ്റ്റംസ്, ചോദ്യം ചെയ്യാൻ ഇന്ന് ഹാജരായേക്കും

തിരുവനന്തപുരം: കരിപ്പൂർ വഴിയുള്ള സ്വർണകള്ളകടത്ത് കേസിൽ ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹി സി. സജേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ചെന്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയായ സജേഷ് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും ഇടനിലനിരക്കാൻ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വർണകടത്തിൽ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്

