കരിപ്പൂര്‍ സ്വര്‍ണക്കടത്ത് : തെളിവെടുപ്പിനായി അര്‍ജുന്‍ ആയങ്കിയുമായി അന്വേഷണസംഘം കണ്ണൂരിലേക്ക്

കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം തെളിവെടുപ്പിനായി കണ്ണൂരിലേക്ക് പോയേക്കും. ഫോണും കാറും ഉപേക്ഷിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച അർജുനെ കൊണ്ടുപോകാൻ ആലോചിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. കള്ളക്കടത്ത് സംഘങ്ങളിൽനിന്ന് അർജുന് ഭീഷണിയുണ്ടെന്നാണ് സൂചന. കൊച്ചിമുതൽ കണ്ണൂർവരെ സഞ്ചരിക്കുന്നതിൽ അന്വേഷണസംഘം ആശങ്കയിലാണ്. ഫോൺ ഉപേക്ഷിച്ചെന്ന് അർജുൻ പറയുന്നത് പൂർണമായും നുണയാകാനാണ് സാധ്യതയെന്നാണ് കസ്റ്റംസ് കരുതുന്നത്. പരിയാരം പോലീസ്സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയിരുന്നു കസ്റ്റംസിന് മുന്നിൽ ഹാജരാകുമ്പോൾ അർജുന്റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. മാധ്യപ്രവർത്തകരിൽനിന്ന് രക്ഷപ്പെടുന്നതിനിടെ പുഴയിൽ വലിച്ചെറിഞ്ഞു എന്നാണ് മൊഴിനൽകിയത്. ഫോൺ ഉപേക്ഷിച്ച സ്ഥലം അർജുൻ കാണിച്ചുതരട്ടെ എന്ന നിലപാടിലാണ് അന്വേഷണസംഘം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം കാരണം എന്നുവേണമെന്നുള്ളതിൽ തീരുമാനമെടുത്തിട്ടില്ല. അർജുന്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും.

