ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കു കൂടി

കാസർകോട് ∙കൂടുതൽ വിഭാഗങ്ങൾക്ക് കൂടി കോവിഡ് വാക്സീൻ നൽകാൻ തുടങ്ങിയതോടെ ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കു കൂടി. പലയിടങ്ങളിലും വാക്സീൻ സ്വീകരിക്കാനായി അതിരാവിലെ തന്നെ ആളുകൾ എത്തുന്നുണ്ട്. കർണാടകയിൽ വിവിധ പരീക്ഷ എഴുതുന്ന ജില്ലയിലെ വിദ്യാർഥികൾക്കു കൂടി വാക്സിൻ നൽകാൻ തുടങ്ങി. ജില്ലയിൽ മുൻഗണന വിഭാഗത്തിനുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാകുന്നു. 45 നു മുകളിലുള്ള 98% പേരും കോവിഡ് വാക്സീൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ വിഭാഗത്തിൽ ആകെ 4,68,037 പേരാണ് ഇതുവരെയായി വാക്സീൻ സ്വീകരിച്ചത്. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർക്ക് നേരിട്ടെത്തിയാണ് വാക്സീൻ നൽകിയത്. ഇതിനായി മൊബൈൽ യൂണിറ്റുകളെയും ഉപയോഗിച്ചു. ആദിവാസി കോളനികളിലും നേരിട്ടെത്തി വാക്സീൻ നൽകുന്നതിന് നടപടി സ്വീകരിച്ചതും ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായകമായി.