’40 ലക്ഷം കോഴ വാങ്ങി പിഎസ്‌സി അംഗത്വം വിറ്റു’; ആരോപണത്തില്‍ മറുപടിയുമായി ഐഎന്‍എല്‍ നേതൃത്വം

കോഴിക്കോട്: 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി. അംഗത്വം പാർട്ടി വിറ്റുവെന്ന ആരോപണത്തിൽ മറുപടിയുമായി ഐ.എൻ.എൽ. സംസ്ഥാന നേതൃത്വം. 40 ലക്ഷത്തിന് പി.എസ്.സി. അംഗത്വം വിറ്റുവെന്ന ആരോപണം വ്യാജമെന്നും അതിശയിപ്പിക്കുന്ന ആരോപണമാണെന്നും ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം പാർട്ടിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എസ്.സി. പോലെ ഒരു ഭരണഘടന സ്ഥാപനത്തെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഇങ്ങനെ ഒരു നിലപാട് ഇല്ലെന്നും ഇത് സംബന്ധിച്ച് ഒരു ആവശ്യമോ ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും അബ്ദുൾ വഹാബ് പറഞ്ഞു. ഒരു പാർട്ടി വേദിയിലും അങ്ങനെ ഒരു വിഷയം ചർച്ചക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എൻ.എല്ലിൽ പിളർപ്പിനുള്ള സാധ്യത എ.പി. അബ്ദുൾ വഹാബ് തള്ളക്കളഞ്ഞില്ല. നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ വിമതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായമുള്ള ഒരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസവുമുണ്ടാകും. പാർട്ടിക്കുള്ളിൽ നല്ല അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അപ്രമാദിത്വമുള്ള ഒരു നേതൃത്വം എന്ന കാഴ്ചപ്പാട് പാർട്ടിയിലില്ലെന്നും അ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നാണ് പാർട്ടിക്ക് പറയാനുള്ളത്. നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഐഎൻഎല്ലിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകണം എന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

