ആളൂര്‍ വാദിച്ചിട്ടും രക്ഷയില്ല; വിസ്മയ കേസില്‍ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട(കൊല്ലം): വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യമില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബി.എ. ആളൂർ മുഖേന കിരൺകുമാർ ശാസ്താംകോട്ട കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. തുടർന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു. കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെനന്നും ഇത്രയും കാലത്തിനിടയിൽ ഒരുകേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി.എ. ആളൂർ നേരത്തെ കോടതിയിൽ വാദിച്ചത്. പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂർ വാദിച്ചിരുന്നു. എന്നാൽ, ആളൂരിന്റെ വാദം അസി.പബ്ളിക് പ്രോസിക്യൂട്ടർ(എ.പി.പി.) കാവ്യനായർ എതിർത്തു. നിലവിൽ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കേസല്ലെന്നും മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവർ വാദിച്ചു. കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞിരുന്നു. നേരത്തെ മൂന്നു ദിവസത്തേക്കായിരുന്നു കിരണിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ബുധനാഴ്ച വൈകീട്ട് തിരികെ ഹാജരാക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോടതിയിൽ ഹാജരാക്കി നെയ്യാറ്റിൻകര പ്രത്യേക സബ്ജയിലേക്ക് അയയ്ക്കുകയായിരുന്നു. അതിനാൽ വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പും നടന്നില്ല. എങ്കിലും രണ്ടു ദിവസം കൊണ്ട് കിട്ടാവുന്ന മുഴുവൻ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രോഗം മാറുമ്പോൾ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം. 21-ന് പുലർച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്.

