യു.ഐ.ഡി നമ്പര്‍ പതിക്കുന്നില്ല; സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രതിസന്ധി, അശാസ്ത്രീയ പരിഷ്കാരമെന്ന് വ്യാപാരികള്‍

കൊച്ചി: ഹാള്‍മാര്‍ക്കിങ് സെന്‍ററുകള്‍ തിരിച്ചറിയല്‍ നമ്ബര്‍ (യു.ഐ.ഡി) പതിച്ചുനല്‍കാത്തതിനാല്‍ സ്വര്‍ണാഭരണ വ്യാപാര രംഗത്ത് പ്രതിസന്ധി. സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാള്‍ മാര്‍ക്കിങ്ങിന് പിന്നാലെ യു.ഐ.ഡി നമ്ബറും ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മൂന്ന് മുദ്രകളാണ് ഒരു ആഭരണത്തില്‍തന്നെ പതിക്കേണ്ടത്. കേരളത്തിലെ ഒരു ഹാള്‍ മാര്‍ക്കിങ് കേന്ദ്രവും യു.ഐ.ഡി ചെയ്തുനല്‍കുന്നില്ല. ഓണ്‍ലൈന്‍ സര്‍വര്‍ തകരാറായതാണ് പ്രധാന കാരണം.
ആയിരക്കണക്കിന് ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇപ്പോള്‍ അതിന് കഴിയാത്ത അവസ്ഥയാണ്.
ജി.എസ്.ടി, നോട്ടുനിരോധനം പോലെയുള്ള അശാസ്ത്രീയ പരിഷ്കാരമാണ് സ്വര്‍ണമേഖലയില്‍ അടിച്ചേല്‍പിച്ചിരിക്കുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആരോപിച്ചു. സ്വര്‍ണം ഏത് കടയില്‍നിന്ന് വാങ്ങിയാലും കടയുടെ പേര് ആഭരണത്തില്‍ വേണമെന്നത് ഉപഭോക്താക്കളുടെ അവകാശമാണ്.
അതിനാല്‍ യു.ഐ.ഡിയില്‍ കടയുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

