ടി.പി.ആർ. നിരക്കിൽ പഞ്ചായത്തുകൾ അടച്ചിടുന്ന രീതി മാറ്റണം – വ്യാപാരി വ്യവസായി സമിതി

കാസർകോട്: രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുതലത്തിൽ നടപ്പാക്കുന്ന ലോക്ഡൗൺ രീതി അശാസ്ത്രീയമാണെന്നും പിൻവലിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ ഏറ്റവും അധികം സംയമനത്തോടെ സഹകരിച്ച വ്യാപാരി സമൂഹത്തിന് ഇപ്പോഴത്തെ പ്രതിരോധ സംവിധാനത്തോട് യോജിക്കാൻ കഴിയില്ല. കോവിഡ് പകർച്ചയ്ക്ക് കച്ചവടക്കാർ മാത്രമാണ് ഉത്തരവാദി എന്ന രീതിയിലാണ് കാര്യങ്ങൾ നടപ്പാക്കുന്നത്.
ഡി കാറ്റഗറിയിലുള്ള പഞ്ചായത്ത് അടച്ചുകഴിഞ്ഞാൽ എ കാറ്റഗറിയിലുള്ള തൊട്ടടുത്ത പഞ്ചായത്തിലേക്ക് ജനങ്ങൾക്ക് പോകാൻ ഇഷ്ടംപോലെ സൗകര്യമുണ്ട്. മുൻപ് ഉണ്ടായപോലെ ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി നിശ്ചയിക്കണം.
ഇല്ലെങ്കിൽ എല്ലാ വ്യാപാരികൾക്കും നിശ്ചിത സമയം തുറക്കാനുള്ള അനുമതി വേണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കട തുറക്കാം. എ കാറ്റഗറി നിശ്ചയിക്കുന്ന മാനദണ്ഡം ആദ്യഘട്ടത്തിൽ എട്ട് ആയിരുന്നത് അഞ്ചായി കുറച്ചു. കേരളത്തിലെ പത്തുശതമാനം പഞ്ചായത്തുകളിൽപോലും ഈ മാനദണ്ഡം പാലിച്ച് തുറക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ഒന്നരമാസമായി വാടകയും മറ്റു ചെലവുകളും സഹിക്കാനാവാതെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാണെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. ഗോപാലനും ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളിയും പറഞ്ഞു.