വ്യത്യസ്ത പ്രതിഷേധവുമായി വ്യാപാരികൾ ;
കടകൾ വീണ്ടും അടപ്പിച്ചു, എന്നാൽ താക്കോൽ കലക്ടർ എടുത്തോളൂ എന്ന് വ്യാപാരികൾ

ശ്രീകണ്ഠപുരം (കണ്ണൂര്‍): ഒരുമാസത്തിനിടെ രണ്ടാം തവണയും കടകള്‍ അടച്ചിട്ടതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂനിറ്റ്. അടച്ച കടകളുടെ താക്കോല്‍ ഞങ്ങള്‍ക്ക് വേണ്ട എന്നുപറഞ്ഞ് വ്യാപാരികള്‍ താക്കോല്‍ ശേഖരിച്ച് കലക്ടറെ ഏല്പിക്കാനെത്തി.
കോവിഡിെന്റ പേരില്‍ ശ്രീകണ്ഠപുരത്തെ വ്യാപാരികളെ മാത്രം ദ്രോഹിച്ച് കടകളടപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കലക്ടറുടെ ചേംബറിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെ താക്കോല്‍ റോഡിലിട്ട് പ്രതിഷേധിച്ചു.
തുടര്‍ന്ന് വ്യാപാരികളുമായി കലക്ടര്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
താക്കോല്‍ സ്വീകരിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചതിനാല്‍ ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി യൂനിറ്റ് ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി. ശ്രീകണ്ഠപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആ പ്രദേശത്തിന് നൂറു മീറ്റര്‍ പരിധിയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുപകരം ഒരു മാസത്തില്‍ രണ്ടാം തവണയും നഗരമടച്ച് ദുരിതത്തിലാക്കുകയാണെന്നാണ് വ്യാപാരികളുടെ വാദം.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമുണ്ടായ വെള്ളപ്പൊക്കത്തില്‍ കോടികളുടെ നഷ്ടമാണ് ഇവിടെ വ്യാപാരികള്‍ക്കുണ്ടായത്. കോവിഡ് കൂടെ വന്നതോടെ ഇരട്ടി പ്രഹരമേറ്റ സ്ഥിതിയായി. വെള്ളപ്പൊക്കത്തിനുശേഷം ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയുമാണ് കടകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ജൂലൈ 28 മുതല്‍ രണ്ടാഴ്ചയോളം നഗരം അടച്ചിട്ടിരുന്നു. അതിനുശേഷം ഓണം വിപണി മുന്നില്‍ക്കണ്ട് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഉത്രാട ദിവസം മുതല്‍ വീണ്ടും കടകള്‍ അടച്ചിടാന്‍ ഉത്തരവിറക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം യൂനിറ്റ് പ്രസിഡന്റ് സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. അലക്സ്, സി. അയ്യൂബ്, ഷാബി ഈപ്പന്, കെ.പി. ഇബ്രാഹിം, നിയാസ് മലബാര്‍, നാസര്‍ സീരകത്ത്, സഹദ് സാമ എന്നിവര്‍ നേതൃത്വം നല്കി. ശ്രീകണ്ഠപുരം നഗരസഭക്ക് മുന്നില്‍ വ്യാപാരികള്‍ നില്പുസമരം നടത്തിയാണ് 400ഓളം കടകളുടെ താക്കോല്‍ കൂട്ടം വ്യാഴാഴ്ച രാവിലെ ശേഖരിച്ചത്.

