സ്വര്‍ണക്കടത്ത് കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതി അന്വേഷണത്തിനെതിരെ ഇ.ഡി. സുപ്രീംകോടതിയില്‍

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇ.ഡി.) സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജതെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയാണ് ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകൾ ഹൈക്കോടതി റദ്ദാക്കിയത്.
എന്നാൽ ഹൈക്കോടതി റദ്ദാക്കിയ ക്രൈം ബ്രാഞ്ച് കേസുകളിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയിൽ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇ.ഡിക്ക് എതിരെ പരിശോധന നടത്താൻ വിചാരണക്കോടതിക്ക് അനുമതി നൽകുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഡീഷണൽ സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ള മുതിർന്ന സർക്കാർ അഭിഭാഷകരിൽനിന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി ഇ.ഡി. ഉദ്യോഗസ്ഥർക്ക് എതിരായ പരാതിയിൽ പരിശോധന ആരംഭിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തതെന്നാണ് സൂചന

