ഒരു കോടിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കി മഹാരാഷ്ട്ര; ഈ നേട്ടം കൈവരിക്കുന്ന ആദ്യസംസ്ഥാനം

മുംബൈ: ഒരു കോടിയിലധികം പേർക്ക് കോവിഡ് വാക്സിന്റെ രണ്ടു ഡോസും നൽകി മഹാരാഷ്ട്ര. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോക്ടർ പ്രദീപ് വ്യാസ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിൻ പോർട്ടലിലെ വിവരങ്ങളനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 1,00,64,308 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. 3,16,09,227 പേർക്ക് ഇതുവരെ ആദ്യ ഡോസ് വാക്സിൻ നല്ഡകിയിട്ടുണ്ട്. ജൂലായ് 25ന് മാത്രം സംസ്ഥാനത്തെ 705 സെന്ററുകൾ വഴി 1,14,568 പേർക്ക് വാക്സിൻ നൽകി. യുവാക്കൾക്കുള്ള വാക്സിൻ ചെയ്യുന്നതിലും മഹാരാഷ്ട്ര വളരെ വേഗത്തിലാണ് മുന്നേറുന്നത്. 18-44 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ 1,04,16,614 പേർക്ക് ആദ്യ ഡോസും 4,59,927 പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. 12,85,449 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസും 8,97,243 പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 6843 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 62.64 ലക്ഷം പേർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചത്. 1.31 ലക്ഷമാണ് ആകെ മരണസംഖ്യ.

