കോവിഡ് അടുത്ത തരംഗം ഈ മാസം മുതൽ; ഒക്ടോബറിൽ പാരമ്യത്തിലെത്തും: വിദഗ്ധർ-

ന്യൂഡൽഹി∙ ഇന്ത്യയിൽ ഈ മാസം മുതൽ ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചുതുടങ്ങുമെന്നും ഒക്ടോബറോടെ പാരമ്യത്തിൽ എത്തുമെന്നും വിദഗ്ധർ. രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഐഐടി ഹൈദരാബാദ്, കാൻപുർ സ്ഥാപനങ്ങളിലെ മതുകുമല്ല വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ പ്രവചനത്തിന്റെയും പിന്നിൽ.
അടുത്ത തരംഗത്തിൽ ദിവസവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങേയറ്റം പോയാൽ 1.50 ലക്ഷം വരെയെത്തിയേക്കാം. എന്നാൽ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേസുകൾ വർധിച്ചേക്കാം. രണ്ടാം തരംഗത്തേക്കാൾ കുറവ് ആഘാതമായിരിക്കും മൂന്നാം തരംഗം ഉണ്ടാക്കുകയെന്നാണു വിലയിരുത്തൽ. രണ്ടാം തരംഗത്തിൽ മേയ് ഏഴിന് 4 ലക്ഷത്തിലധികം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. പിന്നീട് കുറയുകയായിരുന്നു.
അതേസമയം, എത്രയും പെട്ടെന്ന് വാക്സിനേഷൻ വ്യാപിപ്പിക്കുക എന്നത് ഈ വിലയിരുത്തലും അടിവരയിട്ടു പറയുന്നു. ഹോട്സ്പോട്ടുകൾ കണ്ടെത്തുക, ജീനോം സീക്വൻസിങ് നടത്തി പുതിയ വകഭേദങ്ങളെ കണ്ടെത്തുക തുടങ്ങിയവ ചെയ്യണമെന്നും ഇവർ പറയുന്നു.