KSDLIVENEWS

Real news for everyone

കേന്ദ്ര അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ തുറക്കും ; ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളെന്നും വിദ്യാഭ്യാസമന്ത്രി

SHARE THIS ON

തിരുവനന്തപുരം : കേന്ദ്ര അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഘട്ടംഘട്ടമായാകും വിദ്യാലയങ്ങള്‍ തുറക്കുക. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടേയും തീരുമാനം അനുസരിച്ചാകും തുറക്കുക എന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഡിജിറ്റല്‍ പഠനത്തില്‍ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം മൂലം 36 ശതമാനം പേര്‍ക്ക് തലവേദനയാണ്. 28 ശതമാനം പേര്‍ക്ക് കണ്ണിനും 36 ശതമാനം പേര്‍ക്ക് കഴുത്തിനും പ്രശ്‌നങ്ങളുണ്ട്. എസ് സി ഇആര്‍ടിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ സ്‌കൂള്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് ആദ്യം വേണ്ടത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേന്ദ്രനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തന്നെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളികള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ഓണ്‍ലൈന്‍ ആയാണ് പഠനം നടത്തുന്നത്. അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം പരിഗണിച്ച്‌, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ വിദ്യാലയങ്ങള്‍ തുറന്നു തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ അടുത്തുതന്നെ വിദ്യാലയങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!