രാജ്യത്തിന് ഇന്ന് അഭിമാന ദിനം; യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഐക്യ രാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഓഗസ്‌റ്റ് മാസം അദ്ധ്യക്ഷത വഹിക്കുക ഇന്ത്യ. ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി അന്താരാഷ്‌ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുളള ചര്‍ച്ചയാണ് ഇന്ന് വൈകുന്നേരം 5:30ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വെര്‍ച്വലായി ചേരുക.
യു.എന്‍ സുരക്ഷാ സമിതിയിലും ഓരോ മാസവും വിവിധ രാജ്യങ്ങള്‍ക്ക് അദ്ധ്യക്ഷ പദവി ലഭിക്കുകയാണ് പതിവ്. ജൂലായ് മാസത്തില്‍ ഫ്രാന്‍സിനായിരുന്നു അദ്ധ്യക്ഷ പദവി. ഈ പദവിയിലേക്ക് ഇന്ത്യയ്‌ക്ക് എത്താന്‍ സഹായം ചെയ്‌തതും ഫ്രാന്‍സ് ആണ്. ഇത് പത്താം തവണയാണ് ഒരു യുഎന്‍ സമിതിയില്‍ ഇന്ത്യക്ക് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്.ആദ്യമായാണ് രാജ്യത്തെ ഒരു പ്രധാനമന്ത്രി അദ്ധ്യക്ഷനാകുന്നത്
വിവിധ രാജ്യങ്ങളിലെ തലവന്മാരും യു എന്നിലെ പ്രധാനപ്പെട്ട പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമുദ്രമാര്‍ഗത്തിലെ അരക്ഷിതാവസ്ഥകളും കുറ്റകൃത്യങ്ങളും തടയുന്നതിനും അവ ഫലപ്രദമായി നേരിട്ട് വിവിധ മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് യോഗത്തില്‍ ചര്‍ച്ച നടക്കുക.