പെഗാസസുമായി ഒരു ഇടപാടുമില്ല- രാജ്യസഭയില്‍ പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺചോർത്തലുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രയേലി കമ്പനി എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളത്തിൽനിന്നുള്ള എം.പി. ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, ബിസിനസുകാർ തുടങ്ങിയവർ അടക്കമുള്ള പ്രമുഖരുടെ ഫോണുകൾ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയത്. വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളെയും തടസ്സപ്പെടുത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.