KSDLIVENEWS

Real news for everyone

മദ്യം വാങ്ങാൻ വരുന്നവരോട് കന്നുകാലികളെ പോലെ പെരുമാറുന്നു: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

SHARE THIS ON

കൊച്ചി: കൊവിഡ് കാലത്ത് മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്നായിരുന്നു ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു.

കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസ്  ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ആർടിപിസിആർ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സീന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീൻ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന്‍ എടുക്കും. വിഷയത്തില്‍ സംസ്ഥാന സർക്കാർ നാളെ മറുപടി നൽകണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സർക്കാർ പുതുക്കി പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങളിൽ മദ്യശാലകളിൽ പോകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റും വാക്സീനും നിർബന്ധമാക്കിയിരുന്നില്ല. ഹൈക്കോടതി നേരത്തെ പരിഗണിക്കുന്ന ഈ കേസ് ഇന്ന് വാദത്തിനെത്തിയപ്പോഴാണ് ഈ കാര്യം കോടതി തന്നെ ഉന്നയിച്ചത്. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തതിലും മദ്യം വാങ്ങാനെത്തുന്നവരോടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും നേരത്തെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!