കരുവന്നൂർ ബാങ്ക്: മുതൽ തിരിച്ചുപിടിക്കാൻ നിക്ഷേപകരും സ്വർണ വായ്പക്കാരും തമ്മിൽ ‘ധാരണ

തൃശ്ശൂർ:300 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകരും സ്വർണ വായ്പക്കാരും തമ്മിൽ ധാരണയുണ്ടാക്കി ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹാരം കണ്ടെത്തുന്നു. ബാങ്കിന്റെ കരുതൽ ധനത്തെയും സ്വർണ ഇൗടിനെയും കാര്യമായി ബാധിക്കുന്നതാണ് ഇടപാടെങ്കിലും നിക്ഷേപകരുടെ സമരവും പ്രതിഷേധവും ഒഴിവാകുമെന്നതിനാൽ ബാങ്ക് കണ്ണടയ്ക്കുകയാണ്.
ബാങ്കിൽ നിക്ഷേപമുള്ള വ്യക്തി സ്വർണവായ്പ എടുത്തിട്ടുള്ളയാളെ കണ്ടെത്തുന്നതോടെയാണ് ‘ധാരണ’ തുടങ്ങുന്നത്. നിക്ഷേപം സ്വർണവായ്പയിലേക്ക് മുതൽക്കൂട്ടാനും അതുവഴി വായ്പ അവസാനിപ്പിക്കാനും ഇരുവരും തമ്മിൽ തീരുമാനിക്കും. അക്കാര്യം ബാങ്കിനെ അറിയിക്കും. അതിന് ബാങ്ക് അനുമതി നൽകുന്നതോടെ വായ്പയെടുത്ത വ്യക്തിക്ക് കടം വീട്ടി സ്വർണം തിരികെ കിട്ടും. ഇൗ സ്വർണം തൊട്ടടുത്ത പൊതുമേഖലാ ബാങ്കിൽ പണയപ്പെടുത്തി കിട്ടുന്ന തുക സ്വർണവായ്പ വീട്ടാൻ സഹായിച്ച നിക്ഷേപകന് നൽകുന്നതോടെ ധാരണ പൂർത്തിയാകും.null
പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം നഷ്ടപ്പെടുമോ എന്ന് േവവലാതിപ്പെടുന്ന നിക്ഷേപകനും വായ്പയ്ക്ക് ഇൗട് വെച്ച സ്വർണം നഷ്ടപ്പെടുമോ എന്ന് വേവലാതിപ്പെടുന്ന ഇടപാടുകാരനും ഒരേപോലെ ആശ്വാസമാകുന്നുണ്ടിത്. നൂറുകണക്കിന് പേരാണ് ഇത്തരത്തിൽ ഉടമ്പടിയുണ്ടാക്കി കാര്യങ്ങൾ സുരക്ഷിതമാക്കുന്നത്.
ഇപ്പോൾ കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് ഒരാഴ്ച പരമാവധി 10,000 രൂപ മാത്രമാണ് പിൻവലിക്കാനാകുക. ഇത്തരം ഉടമ്പടിയിലൂടെ ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് തിരികെ പിടിക്കാനുമാകുന്നുണ്ട്