കാസർകോട് വികസന പാക്കേജ് : ആരോഗ്യ സ്ഥാപനങ്ങളുടെ പുതിയ കെട്ടിടങ്ങൾക്ക് ഭരണാനുമതി

കാസർകോട് : ജില്ലയിലെ നാല് ആരോഗ്യസ്ഥാപനങ്ങൾ കൂടി ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നു . ആരോഗ്യകേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് ഭരണാനുമതിയായി . കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി വാണിനഗർ പിഎച്ച്സി , ആരിക്കാടി പിഎച്ച്സി , ആനന്ദാശ്രമം എഫ്എച്ച്സി , വലിയപറമ്പ എഫ്എച്ച്സി എന്നീ ആരോഗ്യ സ്ഥാപനങ്ങൾക്കാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത് . എൻമകജെ പഞ്ചായത്തിലെ വാണിനഗർ പിഎച്ച്സിക്ക് 75 ലക്ഷം രൂപയും കുമ്പള പഞ്ചായത്തിലെ ആരിക്കാടി പിഎച്ച്സിക്ക് 95 ലക്ഷം രൂപയും അജാനൂർ പഞ്ചായത്തിലെ ആനന്ദാശ്രമം എഫ്എച്ച്സിക്ക് 60 ലക്ഷം രൂപയും വലിയപറമ്പ എഫ്എച്ച്സിക്ക് 1.20 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത് . ഇവിടങ്ങളിൽ നിലവിലുള്ള കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് . ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പുതിയ കെട്ടിടങ്ങൾ വേണമെന്നത് പൊതുജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു . ആരിക്കാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത് . ഒന്നാം നിലയിൽ മൂന്ന് ഒപി മുറികൾ , ലാബ് , ഫാർമസി , സ്റ്റോർ റൂം , ഫീഡിംഗ് റൂം ശുചിമുറികൾ എന്നിവയും രണ്ടാം നിലയിൽ നഴ്സിംഗ് , പാലിയേറ്റീവ് , ഒബ്സർവേഷൻ മുറികളുമാണ് ഒരുക്കുക . ആനന്ദാശ്രമം പിഎച്ച്സിയുടെ പുതിയ കെട്ടിടത്തിൽ ഫിസിയോതെറാപ്പി , പബ്ലിക് ഹെൽത്ത് , നഴ്സിംഗ് , ഓഫീസ് മുറി , ശുചിമുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . വാണിനഗർ പിഎച്ച്സി കെട്ടിടത്തിൽ രണ്ട് ഒപി മുറികൾ , നഴ്സിംഗ് സ്റ്റേഷൻ , ഇഞ്ചക്ഷൻ റൂം , സർവ്വർ റൂം , ശുചിമുറി എന്നിവയും വലിയ പറമ്പ എഫ്എച്ച്സിക്കായുള്ള പുതിയ കെട്ടിടത്തിൽ രണ്ട് സ്റ്റാഫ് റൂം , സ്റ്റോർ റൂം , ലാബ് , വെയ്റ്റിംഗ് ഏരിയ , റാംപ് , എൻട്രി ഗേറ്റ് എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . പ്രവൃത്തികൾ ഉടൻ ടെണ്ടർ ചെയ്ത് ആരംഭിക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ അറിയിച്ചു .

