തലപ്പാടിയിൽ 16,900 രൂപയും പെർളയിൽ 750 രൂപയും പിടിച്ചു; കൂട്ടുപുഴയിൽ ‘തടഞ്ഞത്’ 1600 രൂപ

കാസർകോട് : തലപ്പാടി, പെർള, കൂട്ടുപുഴ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകളിൽ വിജിലൻസ് പരിശോധന നടത്തി. തലപ്പാടിയിൽനിന്ന് കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു. വാഹനങ്ങളിൽനിന്ന് അനധികൃതമായി ഈടാക്കിയ തുക ശേഖരിക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പെർളയിൽനിന്ന് 750 രൂപയും പിടിച്ചെടുത്തു. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് ചെന്ന വിജിലൻസ് സംഘത്തിന് അഞ്ചുമണിക്കൂർ കൊണ്ട് 1600 രൂപയാണ് ’തടഞ്ഞത്’.
ചെക്പോസ്റ്റ് കെട്ടിടത്തിന്റെ കൗണ്ടറിലൂടെ ചോദ്യമോ പറച്ചിലോ രസീത് വാങ്ങലോ ഒന്നുമില്ലാതെ ചെറിയ വാഹനങ്ങളുടെ ഡ്രൈവർമാർ 50 രൂപയും വലിയ വാഹനങ്ങളുടേത് 100 രൂപയും കൊടുത്തുപോകുകയായിരുന്നു. കൊടുക്കുന്നവരും വാങ്ങുന്നവരും പരസ്പരം മുഖംകാണാത്ത വിധം മറഞ്ഞതായിരുന്നു കൗണ്ടർ. അകത്ത് വിജിലൻസ് സംഘമുണ്ടെന്നോ അവരാണ് പണം വാങ്ങുന്നതെന്നോ കൊടുക്കുന്നവർക്ക് അറിയില്ലായിരുന്നു. സംസ്ഥാന വ്യാപകമായുള്ള ’ഓപ്പറേഷൻ ഭ്രഷ്ഠ് നിർമൂലൻ’ പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ ആറിനാണ് ചെക്പോസ്റ്റുകളിൽ പരിശോധന നടത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് കൂട്ടുപുഴയിൽ ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് ചെന്നത്. അല്പസമയം കഴിഞ്ഞപ്പോൾ നിശ്ചിത തുക കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഒരുദ്യോഗസ്ഥന്റെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം വന്നു. ഉദ്യോഗസ്ഥനെക്കൊണ്ട് ഈ നമ്പറിലേക്ക് വിളിപ്പിച്ചു. ഭക്ഷണത്തിന്റെ പണം കൊടുത്തുവെന്നായിരുന്നു മറുപടി. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് വരാമെന്ന് പറഞ്ഞു. വിജിലൻസ് സംഘം കാത്തുനിന്നെങ്കിലും ആരും വന്നില്ല. 15 വർഷമായി ചെക്പോസ്റ്റിൽ ഏജന്റായി പ്രവർത്തിക്കുന്നയാളാണിതെന്നും ഇവിടെ വരുന്ന പണം അപ്പപ്പോൾ മാറ്റുന്നത് ഇയാളും മറ്റൊരു ഏജന്റുമാണെന്നും സൂചന ലഭിച്ചു. ഇരുവരുടെയും പേരിൽ വിശദാന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചു.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടുന്നുപോകുന്ന ചെക്പോസ്റ്റിൽ കഴിഞ്ഞ മാസം 25 വാഹനങ്ങൾക്ക് മാത്രമാണ് ഭാര പരിശോധന നടത്തിയതെന്ന് വ്യക്തമായി. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അമിതഭാരം കയറ്റിയതായി കണ്ടത്. തൊട്ടുചേർന്ന് ഭാരപരിശോധനായന്ത്രം ഇല്ലാത്തതാണ് പരിശോധന കുറയാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചതിനാൽ ഇത് സ്ഥാപിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ചെക്പോസ്റ്റിൽ ക്യാമറ പ്രവർത്തിച്ചിരുന്നില്ല. കൈക്കൂലി ചോദിക്കുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന അറിയിപ്പ് ബോർഡ് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധമാണ് വെച്ചിരുന്നത്. ഇവയെല്ലാം വിജിലൻസ് സംഘം വിഡിയോയിൽ പകർത്തി. ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്.ഐ.മാരായ കെ.വി.മഹേന്ദ്രൻ, ജയപ്രകാശ്, എ.എസ്.ഐ.മാരായ നിജേഷ്, രാജേഷ്, ശ്രീജിത്ത്, എസ്.സി.പി.ഒ.മാരായ സുനോജ് കുമാർ, നിതേഷ്, മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വിനീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തലപ്പാടി, പെർള ചെക്പോസ്റ്റുകളിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് നേതൃത്വം നൽകിയ കാസർകോട് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ പറഞ്ഞു. തലപ്പാടിയിൽ നടത്തിയ പരിശോധനയ്ക്ക് എസ്.ഐ. കെ.രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ.രഞ്ജിത് കുമാർ, കെ.പി.പ്രദീപ്, എ.വി.രതീഷ് എന്നിവരുമുണ്ടായിരുന്നു. പെർളയിൽ ഇൻസ്പെക്ടർ സിബി തോമസാണ് നേതൃത്വം നൽകിയത്. എസ്.ഐ. പി.പി.മധു, എ.എസ്.ഐ.മാരായ പി.വി.സതീശൻ, വി.ടി.സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.വി.സുധീഷ് എന്നിവരും പങ്കെടുത്തു

