റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; ബീഫാത്തിമ ഉമ്മയുടെ നിൽപ് സമരം 21 -ാം ദിവസത്തിലേക്ക്

കാസര്‍കോട്: വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രസ്തുത വീട് നല്‍കാതെ വഞ്ചനയ്ക്ക് ഇരയായ ബീഫാത്തിമ ഉമ്മയും കുടുംബവും തന്നോട് പണം വാങ്ങിയ വീട്ടുടമസ്ഥനായ ചൂരിയിലെ സത്താറിന്‍റെ വീടിന്‍റെ മുന്നില്‍ നീതിക്ക് വേണ്ടി നടത്തുന്ന വീട്ടുമുറ്റ നില്‍പ്പ് സമരം 21 ദിവസത്തിലേക്ക് കടന്നു. 21-ാം ദിവസ സമരം സ്ത്രീധ്വനി കാസര്‍കോട് പ്രസിഡന്‍റ് ഗീതാ ജോണ്‍ ഉദ്ഘാടനം ചെയ്തു. അസ്മ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, നാസര്‍ ചാലക്കുന്ന്, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, സുബൈര്‍ പടുപ്പ്, സുബൈദ തുടങ്ങിയവര്‍ സമരത്തില്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടന നേതാക്കള്‍ നില്‍പ്പ് സമരം തുടരുന്ന ബീഫാത്തിമ ഉമ്മയെ ആശ്വസിപ്പിക്കാന്‍ സമര കേന്ദ്രത്തില്‍ എത്തി.
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി കാസര്‍കോട് ഖാസി ആലിക്കുട്ടി മുസ്ലിയാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ജനകീയ നേതാക്കള്‍ ഇടപ്പെട്ട് ബീഫാത്തിമ ഉമ്മയോട് പണം വാങ്ങിയ സത്താര്‍ ചൂരി എന്നയാള്‍ ഉമ്മക്ക് വീടോ പണമോ നല്‍കണമെന്ന് മധ്യസ്ഥ തീരുമാനം ഉണ്ടായിട്ടും, അത് പാലിക്കപ്പെടാതെ ഉമ്മയ്ക്ക് വീണ്ടും വീണ്ടും സമരം നടത്തേണ്ടിവരുന്നത് സമൂഹത്തിന്‍റെ ദുഃഖമാണെന്ന് 21-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത ഗീതാ ജോണ്‍ പറഞ്ഞു. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ പ്രായമുള്ള ഒരു ഉമ്മ നില്‍പ്പ് സമരം നടത്തുമ്പോള്‍ എല്ലാവരുടേയും മനസാക്ഷി നീറിപുകഞ്ഞിട്ടും ബന്ധപ്പെട്ടവരുടെ മനസ്സ് കരിങ്കല്ലായി മാറുകയാണോ എന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

