KSDLIVENEWS

Real news for everyone

അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയേക്കില്ല, സൂചന നല്‍കി താലിബാന്‍

SHARE THIS ON

ദോഹ : അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കില്ലെന്ന സൂചന നൽകി താലിബാൻ. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതിന് പിന്നാലെയാണ് ബുർഖ നിർബന്ധമാക്കിയേക്കില്ലെന്ന പ്രസ്താവന താലിബാന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.

തലമുതൽ കാൽ വരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുൻപിൽ അൽപ ഭാഗം ഒഴിച്ചിടുന്ന വസ്ത്രധാരണ രീതിയാണ് ബുർഖ.


അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ സ്ത്രീകളുടെ അവകാശത്തിനു മേൽ നിരവധി നിയന്ത്രണങ്ങൾ വരുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സ്ത്രീകൾ ബുർഖ ധരിക്കണമെന്നും സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്നതിന് വിലക്ക് തുടങ്ങിയ നിയന്ത്രണങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അഫ്ഗാനിൽ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കിയേക്കില്ല എന്നാണ് താലിബാൻ വക്താവ് അറിയിച്ചിരിക്കുന്നത്. അതേസമയം സ്ത്രീകളെല്ലാം ഹിജാബ്(തട്ടം) ധരിക്കുന്നത് നിർബന്ധമാണെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.

1996 മുതൽ 2001 വരെയുള്ള അഫ്ഗാനിലെ താലിബാൻ വാഴ്ചയുടെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകൾക്ക് യാത്രാവിലക്കും തൊഴിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതു കൂടാതെ പൊതുസ്ഥലങ്ങളിൽ ദേഹമാസകലം മൂടുന്ന ബുർഖയും നിർബന്ധമായിരുന്നു. ഇത് ഇത്തവണയും ആവർത്തിക്കുമെന്ന ഭയത്തിലാണ് അഫ്ഗാനിലെ സ്ത്രീകളിൽ ഭൂരിഭാഗവും.


“ബുർഖ മാത്രമേ ധരിക്കാവൂ എന്നില്ല. ബുർഖയിലേക്ക് മാത്രം പരിമിതപ്പെടുത്താവുന്നതല്ല തലമറയ്ക്കണമെന്ന നിബന്ധന. വിവിധ തരത്തിലുള്ള തലമറയ്ക്കൽ രീതികളുണ്ട്”, താലിബാന്റെ ദോഹയിലെ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ സ്കൈ ന്യൂസിനോട് പറഞ്ഞു. അതേ സമയം താലിബാന് സ്വീകാര്യമായ തലമറയ്ക്കൽ രീതി എന്താണെന്ന് ഷഹീൻ വ്യക്തമാക്കിയിട്ടില്ല.

താലിബാൻ ഭരണമേറ്റെടുത്തതോടെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടും എന്ന വാർത്തയോടും ഷഹീൻ പ്രതികരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രാഥമിക വിദ്യാഭ്യാസവും ഉയർന്ന വിദ്യാഭ്യാസവും ലഭ്യമാക്കുമെന്നും ഈ നയം അന്താരാഷ്ട്ര കോൺഫറൻസിൽ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷഹീൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!