KSDLIVENEWS

Real news for everyone

കൊച്ചി സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസ്; കാഞ്ഞങ്ങാട്ട് പിടിയിലായ സംഘം റിമാണ്ടില്‍

SHARE THIS ON

കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ട് പിടിയിലായ യുവതികള്‍ അടക്കമുള്ള നാലംഗസംഘത്തെ കോടതി റിമാണ്ട് ചെയ്തു. കൊച്ചി കടവന്ത്രയിലെ വ്യാപാരി സി.എ സത്താറിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഉദുമ അരമങ്ങാനത്തെ എന്‍.എ ഉമ്മര്‍ (41), ഭാര്യ ഫാത്തിമ (35), നായന്മാര്‍മൂലയിലെ സാജിദ (30), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി റിമാണ്ട് ചെയ്തത്. ഇന്നലെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടില്‍നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. സാജിദ മുന്‍കൈയെടുത്ത് സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഉമ്മര്‍-ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് നവദമ്പതികളെ കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ പ്രതികള്‍ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു. മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴരപവന്റെ സ്വര്‍ണ്ണമാലയുമാണ് സംഘം തട്ടിയെടുത്തത്. വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. സാജിദക്കെതിരെ നേരത്തേയും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നു. അറസ്റ്റിലായ ഉമ്മര്‍ നേരത്തെ കൊലപാതക പ്രേരണാകുറ്റത്തിന് അറസ്റ്റിലായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയെ മുഹമ്മദ് കുഞ്ഞിയെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മുഹമ്മദ് കുഞ്ഞിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെയാണ് സക്കീനയും ഉമ്മറും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!