എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കാസര്‍കോടിനെ തഴഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നീക്കം അങ്ങേയറ്റത്തെ അപരാധമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്

കാസര്‍കോട് : എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കാസര്‍കോടിനെ തഴഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം അപരാധമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. ഇക്കാര്യത്തില്‍ വിദഗ്ധമായ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ 11 ആം അജണ്ടയായി കേരളത്തിന് അനുവദിക്കുന്ന എയിംസിന് കോഴിക്കോട് കിനാലൂരിലെ കെഎസ്ഐഡിസിയുടെ കീഴിലുള്ള സ്ഥലം നല്‍കുമെന്ന് പറഞ്ഞിരുന്നു. കുടാതെ ആരോഗ്യ മന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിക്ക് നല്കിയ നിവേദനത്തിലും കോഴിക്കോട് അനുവദിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ വിയോജിപ്പ് യോഗത്തില്‍ രേഖപ്പെടുത്തിയതായും എം.പി. പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 11,123 കോടി രൂപയുടെ സമഗ്ര പാക്കേജായി പ്രഭാകരന് കമ്മീഷന് ശുപാര്‍ശ പ്രകാരം അനുവദിച്ചിരുന്നു. അതില്‍ 2185.66 കോടി രൂപ ജില്ലയിലെ പൊതു ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ക്കായി അനുവദിച്ച തുകയാണ്. നേരത്തെ രാഷ്ട്രപതിയായിരുന്ന നിര്യാതനായ പ്രണാബ് മുഖര്‍ജിയും ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡുവും ജില്ലയ്ക്ക് എയിംസ് വേണമെന്ന അഭിപ്രായം പറഞ്ഞിരുന്നു.
കോവിഡ് ദുരിതമുണ്ടായ ആദ്യകാലത്ത് കാസര്‍കോട് കോവിഡ് ദുരിതബാധിതരായി ആരും മരിച്ചില്ല. എന്നാല്‍ അതിര്‍ത്തി കടന്ന് മംഗലാപുരം പോകാന്‍ കഴിയാത്തതിനാല്‍ മരിച്ചത് 15 പേരാണ്. നേരത്തെ തന്നെ എയിംസിനായി എംപിയെന്ന നിലയില്‍ ശ്രമം തുടങ്ങിയിരുന്നു. ജില്ലയിലെ എം.എല്‍.എമാരടക്കം ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 14ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയാല്‍ ഇതിനായി പ്രധാനമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കാണും. എയിംസ് വിഷയത്തില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും അയച്ചിട്ടുണ്ട്. ഒരു കാരണവശാലും എയിംസ് എന്ന അവശ്യത്തില്‍ നിന്നും പിറകോട്ടില്ലെന്നും രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഇതിനായി ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ അവസാന ശ്വാസം വരെ പോരാടുമെന്നും എം.പി. പറഞ്ഞു. ബെല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റടുക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് വേഗത കൂട്ടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കുന്നതായും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.

