മണൽകടത്ത് : ഒൻപതു തോണികളും വാനും പിന്തുടർന്ന് പിടികൂടി ; തോണികൾ തകർത്തു

കുമ്പള : മൊഗ്രാൽ പുത്തൂർ കടവിൽ തോണിയിലെത്തിയ പൊലീസ് സംഘം മണൽ വാരുകയായിരുന്ന ഒൻപതു തോണികളും കടത്തിനു ഉപയോഗിച്ചിരുന്ന വാനും പിടികൂടി . പൊലീസിനെ കണ്ട് മണൽ വാരുകയായിരുന്നവർ രക്ഷപ്പെട്ടു . മൊഗ്രാൽ പുഴ കേന്ദ്രീകരിച്ച് വൻ തോതിൽ മണൽ വാരുന്നതായി പൊലീസിനു പരാതി ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ , കാസർ കോട് ഇൻസ്പെക്ടർ പി അജിത്ത് കുമാർ , കുമ്പള ഇൻസ്പെക്ടർ പി പ്രമോദ് എസ് ഐ വി കെ അനീഷ് , സ്ക്വാഡ് അംഗങ്ങളായ രാജേഷ് , ഓസ്റ്റിൻ തമ്പി , സുബാഷ് , രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോണിയിലാണ് സ്ഥലത്ത് എത്തിയത് . പൊലീസിനെ കണ്ടതോടെ മണൽ വാരിക്കൊണ്ടിരുന്നവർ അതിവേഗത്തിൽ തുഴഞ്ഞു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു . പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കടത്തു കാർ തോണികൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടു . ആറു തോണികൾ മൊഗ്രാൽ പുത്തൂരിലെ അനധികൃത കടവിലും മൂന്നു തോണികൾ അക്കരെ ഭാഗത്തു നിന്നു കുമ്പള പൊലീസുമാണ് പിടികൂടിയത് . തോണികൾ ജെ സി ബി ഉപയോഗിച്ച് തകർത്തു . ഇരു കരകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണൽ കടത്തു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു . സംഘങ്ങൾ നിയോഗിച്ച ആൾക്കാർ വാഹനങ്ങളെയും യാത്രക്കാരെയും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം മാത്രമേ കടവിലേയ്ക്ക് കടത്തി വിട്ടിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു .

