വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെത്തുടർന്ന് യുവതിയുടെ ആത്മഹത്യ ; യുവാവ് അറസ്റ്റിൽ

കൊട്ടിയം: നിശ്ചയശേഷം വിവാഹത്തില്‍നിന്ന് വരന് പിന്മാറിയതിനെത്തുടര്ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. 25 കാരിയായ യുവതിയെ വ്യാഴാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
എട്ടു വര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു വളയിടല്‍ ചടങ്ങ്. അതിനുശേഷം പലതവണ ഹാരിഷ് പണവും സ്വര്‍ണവും കൈപ്പറ്റിയതായി യുവതിയുടെ രക്ഷാകര്ത്താക്കള് പറയുന്നു. പല കാരണം പറഞ്ഞ് വിവാഹം നീട്ടുകയും ഒടുവില്‍, പിന്മാറുന്നതായി യുവതിയെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്, യുവതി ഹാരിഷിെന്റ പള്ളിമുക്കിലെ വീട്ടിലെത്തിയെങ്കിലും മാതാവും ബന്ധുക്കളും ചേര്‍ന്ന് പുറത്താക്കി. മരിക്കുന്നതിനു തൊട്ടുമുമ്ബ് യുവതി യുവാവിെന്റ മാതാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
യുവാവിനെതിരായ വിവരങ്ങള്‍ കൈമാറിയെങ്കിലും നാലാം ദിവസം മാത്രമാണ് പൊലീസ് തെളിവ് ശേഖരിക്കാനും മൊഴിയെടുക്കാനും തയാറായതെന്ന് ആക്ഷേപമുണ്ട്. കൊട്ടിയം സി.ഐ ദിലീഷ്, എസ്.ഐമാരായ അമല്‍, അല്‍ത്താഫ്, അഷ്ടമന്‍, രമാകാന്തന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യുവതിയെ സംസ്ഥാനത്തിന് പുറത്തു കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയമായെന്ന പരാതിയില്‍ പ്രതിയുടെ ബന്ധുക്കളുള്െപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ വനിതാ കമീഷന് കേസെടുത്തു. ഇവരുടെ വീട് സന്ദര്‍ശിച്ച വനിതാ കമീഷന് അംഗം ഷാഹിദാ കമാലിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഉത്തരവാദികളായ യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാതാപിതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്ഥിരമായി വീട്ടില്‍ വന്ന് യുവതിയെ വിളിച്ചുകൊണ്ടു പോകാറുണ്ടായിരുന്നു. ജമാഅത്തിെന്റ വ്യാജ വിവാഹരേഖ കാട്ടി, നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് നടത്തിയത്. പല ഘട്ടങ്ങളിലായി യുവതിയില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും വാങ്ങി. അതിനുശേഷം യുവതിക്ക് സാമ്ബത്തികശേഷിയില്ലെന്ന് പറഞ്ഞ് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.

