പെശവാറില്‍ നിന്ന് കാബൂളിലേക്ക് ട്രക്കില്‍ സാധനങ്ങളുമായി പോയ പാകിസ്താന് ഡ്രൈവര്‍ അമേരികയിലെത്തി; വിമാനത്താവളത്തില്‍ അരങ്ങേറിയ വിചിത്ര സംഭവം!

കാബൂള്‍: താലിബാന് ഭരണം ഏറ്റെടുത്തതോടെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദയനീയ ദൃശ്യങ്ങള്‍ ലോകത്താകമാനം പ്രചരിക്കുകയാണ്.
അതിനിടയില്‍ നടന്ന ഒരു വിചിത്ര സംഭവം പങ്കുവെക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍.
പാകിസ്താന് സ്വദേശിയായ ഡ്രൈവര്‍ പെശവാറില്‍ നിന്ന് സാധനങ്ങളുമായി ട്രാകോടിച്ച് കാബൂളിലേക്ക് പോയതായിരുന്നു. കാബൂളില്‍ എവിടെയോ അയാള്‍ തന്റെ ട്രക് നിര്‍ത്തി ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയി. അവിടത്തെ സംഭവങ്ങള്‍ നേരില്‍ കാണുന്നതിനായാണ് അയാള്‍ പോയതെന്നാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ദിവസങ്ങളോളമായിട്ടും ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചില്ല. ബന്ധപ്പെടാനും സാധിച്ചില്ല. മരിച്ചുപോയിരിക്കാമെന്ന നിഗമനത്തില്‍ വിഷമിച്ചിരുന്ന കുടുംബക്കാര്‍ക്ക് അപ്രതീക്ഷിതമായി ഒരു അന്താരാഷ്ട്ര നമ്ബറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. വിളിച്ചത് കാണാതായ അയാള്‍ തന്നെയായിരുന്നു. അമേരികയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്.
ഇയാള്‍ കാബൂളിലെ അവസ്ഥ കണ്ട് എങ്ങനെയെങ്കിലും രക്ഷപെടാന്‍ വേണ്ടി ഒരു വിമാനത്തില്‍ കയറി പറ്റി അമേരികയില്‍ എത്തിയതാണെന്നും അവിടെ തന്നെ ഒരു പുതിയ ജീവിതം തുടങ്ങാനാണ് പദ്ധതിയെന്നും കാബൂള്‍ വിമാനത്താവളത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന തന്റെ ട്രക് എടുക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടതായും ഇദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അതേസമയം ഭരണം താലിബാന് ഏറ്റെടുത്തതിന് ശേഷം കാണാതായ പലരെയും ലോകത്തിന്റെ മറ്റൊരു കോണില്‍ കണ്ടെത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.