കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്ഫോടനം. സ്വദേശികളും കുട്ടികളും ഉൾപ്പെടെ ചുരുങ്ങിയത് 13 പേർ കൊല്ലപ്പെട്ടതായി ഒരു താലിബാൻ സംഘാംഗം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചു. നടന്നത് ചാവേറാക്രമണം ആണെന്നാണ് സൂചന. യു.എസ്. സൈനിക ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം, നിരവധി താലിബാൻ പ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് വൻസ്ഫോടനം നടന്നതായി യു.എസ്. സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പെന്റഗൺ വക്താവ് ജോൺ കിർബി ട്വീറ്റും ചെയ്തിട്ടുണ്ട്. ഒരു സ്ഫോടനം നടന്നത് വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണെന്നും രണ്ടാമത്തേത് നടന്നത് അടുത്തുള്ള ബാരൺ ഹോട്ടലിന് സമീപത്താണെന്നും കിർബി വ്യക്തമാക്കി. ഇരട്ട സ്ഫോടനങ്ങളിലൊന്ന് ചാവേർ ആക്രമണമാകാനാണ് സാധ്യതയെന്ന് യു.എസ്. സൈനികർ പറഞ്ഞു. പരിക്കേറ്റവരിൽ മൂന്നുപേർ യു.എസ്. സൈനിക ഉദ്യോഗസ്ഥരാണെന്ന് മറ്റൊരു അമേരിക്കൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോടു പ്രതികരിച്ചു.