KSDLIVENEWS

Real news for everyone

രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് 100-ാം ദിവസം

SHARE THIS ON

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് 100-ാം ദിവസം. മേയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. 100 ദിവസം പൂര്‍ത്തിയാക്കുന്നത് പ്രമാണിച്ച്‌ സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതികള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.

ജൂണ്‍ 11നാണു മുഖ്യമന്ത്രി 100 ദിന പദ്ധതി പ്രഖ്യാപിച്ചത്. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിച്ച്‌ 193 പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 35 എണ്ണം പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. 115 പദ്ധതികള്‍ സെപ്റ്റംബര്‍ 19നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്‍റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ അഞ്ച് പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്.

കെഎസ്‌ഐഡിസി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിനായി 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് ആര്‍ കെ ഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. ഇതില്‍നിന്ന് വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ 9 റോഡ് പ്രവര്‍ത്തികള്‍ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളില്‍ 1519.57 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും എന്നിങ്ങനെ നീളുന്നതാണ് പ്രഖ്യാപനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!