ഡിജിറ്റൽ പഠനം: ഉറപ്പുകൾ പാഴായി, പഠന സൌകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ; റെയ്ഞ്ചും പ്രശ്നം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും ഡിജിറ്റൽ പരിമിതികൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമായില്ല. എല്ലാവർക്കും മൊബൈൽ ഫോൺ ഇപ്പോഴും ഉറപ്പാക്കാനാകാത്തതിനാൽ സംവാദ രൂപത്തിലുള്ള ക്ലാസുകൾ ഇതുവരെ തുടങ്ങിയില്ല. റേഞ്ച് പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും ഒന്നും നടന്നില്ല. ജൂലൈ അവസാനത്തോടെ ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പലതവണ നീണ്ട കണക്കെടുപ്പിനൊടുവിൽ 4,71,594 പേർക്ക് ഡിജിറ്റൽ ഉപകരണങ്ങളിലെന്ന് സർക്കാർ കണ്ടെത്തി.
ധനസമാഹാരണത്തിനായി മുഖ്യമന്ത്രിയുടെ പേരിലുള്ള നിധിയുടെ ഭാഗമായ വിദ്യാകിരണം പോർട്ടലിൽ ഇപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളില്ലാത്തവരുടെ കണക്കിൽ മാറ്റമില്ല. ഇതുവരെ എത്ര പണം കിട്ടി എന്നും പറയുന്നില്ല. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും സൂപ്പർതാരങ്ങളുമെല്ലാ സ്വന്തം നിലക്ക് മൊബൈൽ ചലഞ്ചും ഫണ്ട് സമാഹരണമൊക്കെ നടത്തിയിട്ടും ഒന്നും മതിയാകുന്നില്ല.
ഓൺലൈൻ പഠനത്തിനായുള്ള ജി സ്യൂട്ട് പോർട്ടൽ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അതായത് എന്ന് ഇനി ഓൺലൈൻ ക്ലാസ് തുടങ്ങുമെന്ന് ഇപ്പോഴും സർക്കാറിന് പറയാനാകാത്ത സ്ഥിതി. ചില വിദ്യാലയങ്ങങ്ങൾ സ്വന്തം നിലക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും ഇപ്പോഴും ആശ്രയം വിക്ടേഴ്സ് ചാനൽ തന്നെയാണ്. ടെലിവിഷൻ ക്ലാസ് പല വിദ്യാർത്ഥികൾക്കും ഉണ്ടാക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ എസ് സിഇആർടി നടത്തിയ പഠനം കണ്ടെത്തിയിരുന്നെങ്കിലും ഇത് തുടരുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥ.
റേഞ്ച് പ്രശ്നം ഉടൻ തീർക്കുമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ മൊബൈൽ സേവനദാതാക്കളുടെ ഉറപ്പ്. പക്ഷെ ഇപ്പോഴും മലയോരമേഖലകളിൽ മൊബൈലുള്ളവർക്ക് റേഞ്ച് കിട്ടാൻ മരത്തിലും കുന്നിലും കയറേണ്ട ദുരവസ്ഥ തുടരുന്നു, അധ്യയനവർഷം തുടങ്ങുമ്പോൾ ഈ ക്ലാസിൽ ഹാജരുണ്ടോ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് തുറ്ന് കാട്ടിയ പ്രശ്നങ്ങൾക്കിപ്പോഴും കാര്യമായ പരിഹാരമായില്ല. പരമ്പരക്ക് പിന്നാലെ നടപടി പ്രഖ്യാപിച്ച് ചർച്ചകളും സമിതികളും ഉണ്ടാക്കിയ സർക്കാറിനിപ്പോൾ പഴയ ആവേശമില്ല